പ്രമുഖരെ തഴഞ്ഞ് രാജീവ് ചന്ദ്രശേഖരനെ പ്രസിഡന്റാക്കിയതിൽ നേതാക്കൾക്ക് അമർഷം; ബിജെപിയിൽ വിഭാഗീയത രൂക്ഷമാകുമെന്ന് സൂചന
കേന്ദ്ര നേതൃത്വം പ്രസിഡന്റ് പദവിയിലേക്ക് വൻകിട ബിസിനസുകാരനെ കെട്ടിയിറക്കിയതിൽ പലനേതാക്കൾക്കും കടുത്ത അമർഷമുണ്ട്.


തിരുവനന്തപുരം: സംഘടന സംവിധാനത്തിലൂടെ വളർന്നു വന്ന പ്രമുഖ നേതാക്കളെ തഴഞ്ഞാണ് രാജീവ് ചന്ദ്രശേഖരനെ ബിജെപി സംസ്ഥാന പ്രസിഡൻറായി നിയമിക്കുന്നത്. ഇത് പാർട്ടിയിൽ വിഭാഗീയത രൂക്ഷമാക്കുമെന്ന ആശങ്ക ശക്തമാണ്. കേന്ദ്ര നേതൃത്വം വൻകിട ബിസിനസുകാരനെ കെട്ടിയിറക്കിയതിൽ പലനേതാക്കൾക്കും കടുത്ത അമർഷമുണ്ട്.
എബിവിപിയിലൂടെയും , ആർഎസ്എസിലൂടെയും പൊതുരംഗത്ത് എത്തിയ നേതാക്കളെ ഒഴിവാക്കിയാണ് കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡൻ്റാക്കാൻ തീരുമാനിക്കുന്നത്. കേന്ദ്ര നേതൃത്വം അടിച്ചേൽപിച്ച ഈ തീരുമാനത്തിൽ പ്രധാന നേതാക്കളെല്ലാം അസ്വസ്ഥരാണ്. രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ചടങ്ങിൽ ശോഭാ സുരേന്ദ്രൻ എത്താൻ വൈകിയത് യാദൃശ്ചികമല്ലെന്നാണ് സൂചന.
ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആരും ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറാട്ടില്ലെങ്കിലും അവരുടെ അതൃപ്തി വാക്കുകളിലുണ്ട്. രാജീവ് ചന്ദ്രശേഖറിന് പരസ്യ പിന്തുണ നൽകിയ നിലവിലെ പ്രസിഡന്റിന്റെ മുഖത്തപോലും നീരസം പ്രകടമാണ്.
വിഭാഗീയതകൾക്ക് അതീതമായി എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോവുക എന്നതാണ് രാജീവ് ചന്ദ്രശേഖരൻ്റെ മുന്നിലെ പ്രധാന വെല്ലുവിളി. കളമശ്ശേരി ബോംബ് സ്ഫോടനത്തിന് ശേഷം നടത്തിയ വിദ്വേഷ പരാമർശത്തിൽ രാജീവ് ചന്ദ്രഖരന് എതിരെ പൊലീസ് കേസ് നിലവിലുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിനാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുകയാണന്ന് പ്രഖ്യാപിച്ചയാളാണ് രാജീവ് ചന്ദ്രശേഖർ. പൊതുപ്രവർത്തനം നിർത്തിയയാളെ സംസ്ഥാന അധ്യക്ഷനാക്കിയത് വിശദീകരിക്കാനാകാതെ ബിജെപി നേതാക്കളും വെട്ടിലായി. പ്രവർത്തകരെയും സംഘടനാ സംവിധാനങ്ങളെയും ഒഴിവാക്കി പിആർ സംഘങ്ങൾ വഴി പാർട്ടി പ്രവർത്തനം ചിട്ടപ്പെടുത്തിയേക്കുമെന്ന ആശങ്കയും മുതിർന്ന നേതാക്കൾക്കുണ്ട്.