അമീറുല്‍ ഇസ്ലാമിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് ഏതെങ്കിലും തരത്തില്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നു
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നു. കൊലപാതകത്തിന്റെ രീതിയും ചോദ്യംചെയ്യുമ്പോള്‍ കൃത്യമായി പ്രതികരിക്കാത്തതുമാണ് ഈ അന്വേഷണത്തിന് പൊലീസ് പറയുന്ന ന്യായം. എന്നാല്‍ ഇതുവരെ നടത്തിയ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് സൂചന.
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വാങ്ങി ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങളൊന്നും തന്നെ പൊലിസിന് ലഭിച്ചിട്ടില്ല. കൊലക്ക് ഉപയോഗിച്ച ആയുധമോ ധരിച്ചിരുന്ന വസ്ത്രമോ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. ചോദ്യംചെയ്യലില്‍ പ്രതി നിരന്തരം മൊഴിമാറ്റുന്നുവെന്നും പരിശീലനം ലഭിച്ചയാളെ പോലെ പ്രതികരിക്കുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിക്ക് അസമിലെ ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിന് പൊലീസ് നീക്കം നടത്തുന്നത്. ഇപ്പോള്‍ അസമിലുള്ള സംഘം ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്.
അമീറിന്റെ കൂട്ടുകാരനായ അമീനുല്‍ ഇസ്ലാം പൊലീസ് കസ്റ്റഡിയിലായതായും സൂചനയുണ്ട്. അസമില്‍വച്ച് നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാളെ കാണാതായിരുന്നു.