തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തല്ല്
സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് വേദിയിലിരിക്കെയായിരുന്നു ചേരിതിരിഞ്ഞുള്ള സംഘർഷം.
തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് വേദിയിലിരിക്കെയായിരുന്നു ചേരിതിരിഞ്ഞുള്ള സംഘർഷം.
ഡീൻ കുര്യാക്കോസ് നടത്തുന്ന ജനകീയ വിചാരണ യാത്രക്കിടെയായിരുന്നു കൂട്ടത്തല്ല്. ഇടുക്കി ജില്ലാ മുൻ പ്രസിഡന്‍റ് റോയി കെ പൗലോസിന്‍റെ അനുയായികൾ യോഗാധ്യക്ഷനായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി താജുദ്ദീനെ വേദിയിലെത്തി മർദ്ദിക്കുകയായിരുന്നു. കെഎസ്‍യു സംസ്ഥാന സെക്രട്ടറി മാത്തുക്കുട്ടി, ഡിസിസി സെക്രട്ടറി ജിയോ മാത്യു, കെഎസ്‍യു ഇടുക്കി ജില്ലാ പ്രസിഡന്‍റ് ടോണി തോമസ്, മുൻ പ്രസിഡന്‍റ് നിയാസ് കൂരാപ്പിള്ളി, യൂത്ത് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്‍റ് സാം ജേക്കബ് എന്നിവരാണ് താജുദ്ദീനെ മർദ്ദിച്ചത്.
തല്ലിയ വരെ തിരിച്ച് തല്ലാതെ മടങ്ങിപ്പോകില്ലെന്ന് ചില പ്രവർത്തകർ വാശി പിടിച്ചതോടെ രംഗം വീണ്ടും വഷളായി. ഒടുവിൽ ഡീൻ ഇടപെട്ട് തല്ലിയ വരെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചതോടെയാണ് സംഘർഷം അവസാനിച്ചത്.