ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുളള തിരിച്ചുവരവിന് കളമൊരുങ്ങുന്നു
എൻസിപി നേതൃത്വം നിലപാടറിയിച്ചാൽ മുന്നണിയോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കാനാണ് എൽഡിഎഫിലെ ധാരണ. അങ്ങനെയെങ്കിൽ ഫെബ്രുവരി..
കോടതി കുറ്റവിമുക്തനാക്കിയതോടെ ശശീന്ദ്രൻറെ മന്ത്രിസഭയിലേക്കുളള തിരിച്ചു വരവിന് കളമൊരുങ്ങുന്നു. ശശീന്ദ്രന്‍ മന്ത്രിയാകുന്നതിൽ തടസമില്ലെന്ന് എൻസിപി നേതൃത്വം വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യുന്നതിനായി എൽഡിഎഫും ഉടൻ യോഗം ചേരും.
വിവാദങ്ങളിൽ പെട്ടാണ് എൻസിപി മന്ത്രിമാരായിരുന്ന എകെ ശശീന്ദ്രനും പിന്നീട് തോമസ് ചാണ്ടിയും രാജിവെച്ചത്. ആരാദ്യം കുറ്റവിമുക്തനാക്കപ്പെടുന്നോ അവർക്ക് മന്ത്രിസ്ഥാനം നൽകാമെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിലെ ധാരണ. ഫോൺകെണി കേസിൽ കോടതി കുറ്റവിമുക്തനാക്കിയതോടെ സാഹചര്യങ്ങൾ ശശീന്ദ്രന് അനുകൂലമാണ്.ശശീന്ദ്രനെ മന്ത്രിയാക്കുന്നതിൽ എൻസിപി നേതൃത്വത്തിലും എതിരഭിപ്രായമില്ല. ദേശീയ നേതൃത്വവുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം ശശീന്ദ്രൻറെ മന്ത്രിസ്ഥാനം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. ശശീന്ദ്രനെ മന്ത്രിയാക്കുന്നതിൽ എൽഡിഎഫിലും അഭിപ്രായ ഭിന്നതയില്ല.
എൻസിപി നേതൃത്വം നിലപാടറിയിച്ചാൽ മുന്നണിയോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കാനാണ് എൽഡിഎഫിലെ ധാരണ. അങ്ങനെയെങ്കിൽ ഫെബ്രവരി ആദ്യവാരം തന്നെ എകെ ശശീന്ദ്രൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.