സാമ്പത്തിക പ്രതിസന്ധി; മെഡിക്കല്‍ കോളജുകള്‍ക്കുള്ള ഫണ്ടുകള്‍ പിന്‍വലിക്കുന്നു
ഇവിടെ ശസ്ത്രക്രിയയും ചികിത്സയും നിര്‍ത്തിവക്കേണ്ട സ്ഥിതിയാണ്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലേക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കാരുണ്യ ഫണ്ടുകള്‍ കിട്ടിയില്ല. കോട്ടയം മെഡിക്കല്‍ കോളജിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളായ ആര്‍എസ്ബിവൈ, ചിസ് പദ്ധതികളുടെ അഞ്ചരക്കോടി രൂപയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. കാരുണ്യ ചികിത്സാ പദ്ധതിയുടെ 12 കോടി രൂപയും സര്‍ക്കാര്‍ തിരിച്ചെടുത്തു. ഇതേ തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റെന്‍റ് വിതരണം നിലച്ചു. പല മെഡിക്കല്‍ കോളജുകളിലും പണമില്ലാത്തത് മൂലം മരുന്ന് ക്ഷാമവും നേരിടുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിലും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തു. സുകൃതം പദ്ധതിയില്‍ ഉള്‍പ്പെട്ട 480 ക്യാന്‍സര്‍ രോഗികളുടെ ചികിത്സ തടസ്സപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ എത്തിയ 15 പേരെ തിരിച്ചയച്ചു.
സുഹൃദം പദ്ധയിലെ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഇല്ലാത്ത രീതിയിലാണ് ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന്‍റെ ഇടപെടലുകളെന്ന് മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. ട്രഷറി സേവിങ്സ് അക്കൌണ്ട് ആയതുകൊണ്ട് സര്‍ക്കാരിന് പണം പിന്‍വലിക്കാമെന്നും ആശുപത്രികളില്‍ പ്രതിസന്ധിയില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം.