ശബരിമലയില്‍ സ്ത്രീ പ്രവേശം തടയാനാകാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം
പാരമ്പര്യങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ ഭരണഘടനയെ മറികടക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം വിലക്കുന്നത് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രിം കോടതി. ക്ഷേത്രത്തിലെ നടപ്പ് രീതികള്‍ ലിംഗ സമത്വത്തിന് ഭീഷണിയാണെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ആര്‍ത്തവം സ്ത്രീകളുടെ ശാരീരിക അവസ്ഥയാണെന്നും, ഇതിന്റെ പേരില്‍ ക്ഷേത്രപ്രവേശം വിലക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
ശബരി മലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ്ങ് ലോയേര്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍, പ്രാഥമിക വാദങ്ങളാണ് സുപ്രിം കോടതി പ്രത്യേക ബെഞ്ച് കേട്ടത്. പരാതിക്കാര്‍ക്ക് പുറമേ, എതിര്‍ കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, ശബരി മല തന്ത്രി, എന്‍എസ്എസ് എന്നിവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ തങ്ങളുടെ പ്രാഥമിക വാദം കോടതിയെ അറിയിച്ചു. പാരമ്പര്യവും, മത ആചാരങ്ങളുമല്ല. വിലക്കിന് ഭരണഘടനാപരമായ സാധുതയുണ്ടോ എന്ന കാര്യമാണ് കോടതി പരിശോധിക്കുന്നതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു. ആചാരങ്ങള്‍ക്കും, പാരമ്പര്യങ്ങള്‍ക്കും ഭരണഘടനയെ മറികടക്കാനാകില്ല. ലിംഗ സമത്വ അപകടെപ്പടുത്തുന്നതാണ്, ഹരജിയെ ഗൌരവതരമാക്കുന്നത്.
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമ ദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കില്ല. 41 ദിവസത്തെ വ്രതം അനുഷ്ടിക്കാന്‍ സ്ത്രീകള്‍ക്കാകില്ല എന്നാണ് വാദമെങ്കില്‍, പുരുഷന്മാര്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ടിക്കുന്നു എന്നകാര്യത്തില്‍ എന്തുറപ്പാണുള്ളത്. ആര്‍ത്തവം സ്ത്രീകളുടെ ഒരു ശാരിരീക അവസ്ഥയാണ്. അതിന്റെ പേരില്‍ വിശ്വാസിയായ സ്ത്രീയെ എങ്ങനെ മാറ്റി നിര്‍ത്തും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25,26 പ്രകാരമുള്ള മതസ്വാതന്ത്ര്യം, ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള മൌലിക അവകാശം ഹനിക്കാന്‍ എങ്ങനെ കാരണമാകും. മാതാ പിതാ ഗുരു ദൈവം എന്ന സംസ്കാരമുള്ള നാട്ടില്‍ എങ്ങനെയാണ് ഈ വിഷയത്തില്‍ മാത്രം സ്ത്രീ വിലക്കപ്പെടുന്നത്. സ്ത്രീകള്‍ക്ക് വിലക്കുണ്ടെങ്കില്‍, മൂന്നാം ലിംഗക്കാര്‍ക്കും വിലക്കുണ്ടാകുമോ... ഇങ്ങനെ പോകുന്ന കോടതിയുടെ ചോദ്യങ്ങള്‍. വിശദ വാദം കേള്‍ക്കലിന് ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.