ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍
പുതിയ സംവിധാനത്തില്‍ യാത്രയുടെ പകുതി ദൂരം വീതം ഡ്രൈവറും കണ്ടക്ടറും പരസ്പരം ജോലികള്‍ വെച്ചുമാറും. ഡ്രൈവര്‍ക്ക് അമിത ജോലിഭാരം ഒഴിവാകുകയും ചെയ്യും
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി നടപ്പിലാക്കുന്നു. ദീര്‍ഘദൂര സര്‍വീസുകളിലാണ് ഈ രീതി നടപ്പിലാക്കുക. തൊഴിലാളികളുടെ ജോലിഭാരം കുറക്കുന്നതോടൊപ്പം സാമ്പത്തിക മെച്ചവും പുതിയ പരിഷ്‌കാരം വഴി ലക്ഷ്യമിടുന്നു.
അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ അപകടത്തില്‍പെടുന്നതിന് കാരണം ഡ്രൈവര്‍മാര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിനാലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഒരു ബസ്സില്‍ തന്നെ ഡ്രൈവിങ് ലൈസന്‍സുള്ള കണ്ടക്ടറെയും കണ്ടക്ടര്‍ ലൈസന്‍സുള്ള ഡ്രൈവറെയും നിയോഗിക്കുന്നത്. 700 കിലോ മീറ്ററോളം ദൂരം വിശ്രമമില്ലാതെ ഒരാള്‍ തന്നെ വണ്ടിയോടിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
പുതിയ സംവിധാനത്തില്‍ യാത്രയുടെ പകുതി ദൂരം വീതം ഡ്രൈവറും കണ്ടക്ടറും പരസ്പരം ജോലികള്‍ വെച്ചുമാറും. ഡ്രൈവര്‍ക്ക് അമിത ജോലിഭാരം ഒഴിവാകുകയും ചെയ്യും. ഒക്ടോബര്‍ അഞ്ചു മുതല്‍ പരിഷ്‌കാരം നടപ്പിലാവും. സംസ്ഥാനത്തിനകത്തെ ദീര്‍ഘദൂര ബസുകളടക്കം ആകെ 42 സര്‍വീസുകളിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.
ഈ റൂട്ടുകളിലെ വോള്‍വോ, സ്‌കാനിയ, സില്‍വര്‍ ജെറ്റ്, മിന്നല്‍, ഡീലക്‌സ് സര്‍വീസുകളില്‍ ഇനി മുതല്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതിയിലാകും. ഏറെ നാളായി പരിഗണനയിലിരുന്ന നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പിലാവുന്നത്. നേരത്തെ ദീര്‍ഘദൂര സര്‍വീസുകളില്‍ ഒരു അധിക ഡ്രൈവറെക്കൂടി നിയമിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യത കൂടിയതിനാല്‍ നിര്‍ത്തലാക്കുകയായിരുന്നു.