വയനാട്ടിലെ പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ പദ്ധതി
സുഗന്ധ നെല്‍വിത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് കൃഷിവകുപ്പ് വയനാട്ടില്‍ നടപ്പിലാക്കുന്നത്.
വയനാട്ടിലെ പരമ്പരാഗത നെല്‍വിത്തുകളെ സംരക്ഷിക്കാനും നെല്‍കൃഷി വ്യാപിപ്പിക്കാനും കൃഷിവകുപ്പ് പദ്ധതികള്‍ തയ്യാറാക്കി. വയനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചതിന്‍റെ ഭാഗമായാണ് പദ്ധതി.
സുഗന്ധ നെല്‍വിത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് കൃഷിവകുപ്പ് വയനാട്ടില്‍ നടപ്പിലാക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം വയനാട്ടില്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കൃഷിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ആദിവാസികള്‍ അടക്കമുള്ള കര്‍ഷകരെയും ഉള്‍പ്പെടുത്തിയായിരുന്നു യോഗം.
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ വയനാട്ടിലെ നൂറിലധികം അപൂര്‍വ പാരമ്പര്യ നെല്‍വിത്തുകള്‍ ശേഖരിച്ചിട്ടുണ്ട്. അറിയപ്പെടാത്ത നിരവധി നെല്‍വിത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പരമ്പരാഗത കര്‍ഷകര്‍ കൃഷിവകുപ്പിന് കൈമാറുന്നുമുണ്ട്. സുഗന്ധ നെല്‍വിത്തിന് പുറമെ പഴകൃഷിയും പുഷ്പകൃഷിയുമാണ് വയനാട്ടില്‍ കൃഷിവകുപ്പ് പ്രോത്സാഹിപ്പിക്കുന്നത്.