ഹാരിസണ്‍ കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ വരുത്തിയത് ഗുരുതര വീഴ്ച
ലാന്‍ഡ് കണ്‍സര്‍വെന്‍സി ആക്ട് പ്രകാരം നടപടിയെടുക്കാനുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പായില്ല; രാജമാണിക്യം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതിയില്‍ ഉന്നയിക്കുന്നതിലും അഭിഭാഷകര്‍ക്ക് വീഴ്ച പറ്റി
ഹാരിസണ്‍സ് ഭൂമി തര്‍ക്കം സംബന്ധിച്ച കേസ് നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. കേസില്‍ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം നടപടിയെടുക്കാനുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പിലായില്ല. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തലുകള്‍ കോടതിയില്‍ ഉന്നയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ പരാജയപ്പെട്ടതും തിരിച്ചടിക്ക് കാരണമായി.
5 ജില്ലകളിലായി പരന്ന് കിടക്കുന്ന 38,000ത്തോളം ഏക്കര്‍ സ്ഥലമാണ് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരും കമ്പനിയും തമ്മിലുള്ള നിയമ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സ്പെഷ്യല്‍ ഓഫീസറായി എറണാകുളം ജില്ലാ കളക്ടറായ എം ജി രാജമാണിക്യത്തെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ രാജമാണിക്യത്തിന് മുമ്പാകെ ഹാജരാക്കുന്നതിന് കമ്പനിക്ക് കഴിഞ്ഞില്ല. ഭൂമി സര്‍ക്കാരിന്റ അധീനതയിലാക്കാന്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമി സര്‍ക്കാരിന്റെ കീഴില്‍ കൊണ്ടുവരുന്നതിന് 1971 ല്‍ കൊണ്ടുവന്ന നിയമത്തിന്റെ മാതൃകയില്‍ നടപടി വേണമെന്നും രാജമാണിക്യം തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും നടപ്പിലായില്ല
എം ജി രാജമാണിക്യം തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തലുകള്‍ ഹൈക്കോടതിയെ ധരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഗുരുതര വീഴ്ച സംഭവിക്കുകയും ചെയ്തു. ഹാരിസണ്‍സ് പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമിയില്‍ ചെങ്ങറയടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ ഭൂസമരങ്ങള്‍ നടന്നുവരികയാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ സമരങ്ങളുടെ ഭാവിയും നിര്‍ണായക വഴിത്തിരിവിലാണ്.