മുകുന്ദനെ ആര്‍ടിഎഫ് മര്‍ദ്ദിച്ചു കൊന്നതാണെന്ന് ആരോപണം
വരാപ്പുഴയിൽ പൊലീസ് ഓടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരിച്ച മുകുന്ദന്റെ സഹോദരനാണ് ആരോപണവുമായി രംഗത്തെത്തിയത്
ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണത്തിന് പിന്നാലെ റൂറൽ എസ് പി എ വി ജോർജിന്റെ നിയന്ത്രണത്തിലുള്ള ആർടിഎഫിനെതിരെ കൂടുതൽ പരാതികൾ. വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ വെള്ളത്തിൽ വീണ് മരിച്ച മുകുന്ദനെ ആർടിഎഫ് മർദ്ദിച്ചു കൊന്നതാണെന്ന് സഹോദരൻ ആരോപിച്ചു.
വരാപ്പുഴയിൽ ചീട്ടുകളി സംഘത്തെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ രക്ഷപ്പെട്ടോടിയ മുകുന്ദൻ വെള്ളത്തിൽ വീണു മരിച്ചെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ ജൂൺ 14- നാണ് സംഭവം. എന്നാൽ മുകുന്ദൻ ആർടിഎഫിന്റെ ക്രൂര മർദനത്തിനിരയായെന്നാണ് സഹോദരന്റെ ആരോപണം
ആർടിഎഫ് ഇടിയൻ സംഘമാണെന്നും ശ്രീജിത്തിന് സംഭവിച്ചതിന് സമാനമായ ക്രൂരതയ്ക്കാണ് മുകുന്ദൻ ഇരയായതെന്നും പ്രദേശത്തെ പഞ്ചായത്തംഗവും പറയുന്നു.
റൂറൽ ടൈഗർ ഫോഴ്സ് എന്ന പേരിലാണ് ആലുവ റൂറൽ എസ് പി എ വി ജോർജിന്റെ നിയന്ത്രണത്തിൽ സ്പെഷൽ സ്ക്വാഡ് പ്രവർത്തിക്കുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ നടത്തുക എന്നതടക്കമുള്ള ഡ്യൂട്ടിയാണ് സ്ക്വാഡിന് നൽകിയിട്ടുള്ളത്. പ്രതികളോടും മറ്റും മോശമായി സംസാരിക്കുകയും ക്രൂരമായി മർദ്ദിക്കുന്നതും സംബന്ധിച്ച് സ്ക്വാഡ് അംഗങ്ങൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. എ.ആർ ക്യാമ്പിലെ പൊലീസുകാരാണ് സ്ക്വാഡ് അംഗങ്ങൾ. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടർന്ന് സസ്പെൻഷനിലായതും ആര്‍ടിഎഫിലെ മൂന്നു പേരാണ്.