കൊച്ചി ഇ വേസ്റ്റ് ഇറക്കുമതിയുടെ താവളമാകുന്നു

Update: 2018-05-30 20:35 GMT
Editor : Sithara
കൊച്ചി ഇ വേസ്റ്റ് ഇറക്കുമതിയുടെ താവളമാകുന്നു
Advertising

കൊച്ചി തുറമുഖം വഴിയുള്ള ഇലക്ട്രോണിക്ക് സാധനങ്ങളുടെ ഇറക്കുമതി വന്‍തോതില്‍ വര്‍ദ്ധിച്ചു

കൊച്ചി ഇ- വേസ്റ്റ് ഇറക്കുമതിയുടെ താവളമാകുന്നുവെന്ന് കസ്റ്റംസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊച്ചി തുറമുഖം വഴിയുള്ള ഇലക്ട്രോണിക്ക് സാധനങ്ങളുടെ ഇറക്കുമതി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍തോതില്‍ വര്‍ദ്ധിച്ചു. അനുമതിയും രേഖകളുമില്ലാതെ ഇറക്കുമതി ചെയ്യുന്ന ഇവ ഇലക്ട്രോണിക്ക് മാലിന്യങ്ങള്‍ തന്നെയാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

Full View

കൊച്ചി തുറമുഖം വഴി ഇലക്ട്രോണിക്ക് സാധനങ്ങളുടെ ഇറക്കുമതി വന്‍തോതില്‍ വര്‍ദ്ധിച്ചതായാണ് കസ്റ്റംസ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇലക്ടോണിക്ക് സാധനങ്ങളെന്ന പേരില്‍ ഇറക്കുമതി ചെയ്യുന്നത് ഉപയോഗശൂന്യമായ ഇലക്ട്രോണിക്ക് മാലിന്യങ്ങളാണ്. ഫോട്ടോസ്റ്റാറ്റ് മെഷീനുകളാണ് കൊല്‍ക്കത്തയും ഡല്‍ഹിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മുഖ്യമായും കൊച്ചി തുറമുഖം വഴി മുഖ്യമായും ഇറക്കുമതി നടത്തുന്നത്.

2015നെ അപേക്ഷിച്ച് 2016ല്‍ പല കമ്പനികളുടേയും ഇറക്കുമതി വര്‍ദ്ധിച്ചത് പതിന്‍മടങ്ങാണ്. ഇലക്ട്രോണിക്ക് സാധനങ്ങള്‍ കുറഞ്ഞത് 5 വര്‍ഷത്തേക്കെങ്കിലും ഉപയോഗയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകളില്ലാതെയാണ് ഇറക്കുമതി. കൊച്ചിയില്‍ ഇറക്കുമതി ചെയ്തവ പലതും ഉപയോഗശൂന്യവുമാണ്. ഇ വേസ്റ്റ് നിയമം മറികടക്കാനായി കംപ്യൂട്ടര്‍ സര്‍വ്വീസ് സെന്‍ററുകളെന്ന വ്യാജേനയായിരുന്നു ഇറക്കുമതി. ഇത്തരത്തില്‍ ഇറക്കുമതി നടത്തിയ 11 കമ്പനികളുടെ 8000 ത്തോളം ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍ കസ്റ്റംസ് തടഞ്ഞുവെച്ചു. അനുമതി നിഷേധിക്കുന്നവ 90 ദിവസത്തിനകം ഇറക്കുമതിക്കാരന്‍ തിരിച്ചയക്കാനുള്ള അവസരമുണ്ട്.

അതേസമയം പിടിച്ചെടുത്തവ നശിപ്പിക്കണമെങ്കില്‍ കസ്റ്റംസിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി വേണം. ഇതിനായി കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. മുന്‍പ് ഇത്തരത്തില്‍ ഇറക്കുമതി ചെയ്തവ കസ്റ്റംസിന് ഫൈന്‍ അടച്ച് ഉടമകള്‍ കൊണ്ടുപോയെങ്കിലും അവയെന്താണ് ചെയ്തതെന്ന് അജ്ഞാതമാണ്. കസ്റ്റംസ് തടഞ്ഞുവെച്ച ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അതുല്‍ ഓട്ടോമേഷന്‍ എന്ന് സ്ഥാപനത്തിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ത്യയെ ഇ വേസ്റ്റ് നിക്ഷേപകേന്ദ്രമാക്കി മാറ്റാനാകില്ലെന്ന് വ്യക്തമാക്കായാണ് ഹര്‍ജി തള്ളിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News