പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയങ്ങളെന്ന് കെഎസ്ആര്‍ടിസി

Update: 2018-05-30 06:55 GMT
Editor : Subin
പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയങ്ങളെന്ന് കെഎസ്ആര്‍ടിസി
Advertising

പെന്‍ഷന്‍ നല്‍കാന്‍ വേണ്ട വിഭവങ്ങളോ റിസര്‍വ്വ് ഫണ്ടോ കൈവശമില്ലെന്നും സത്യവാങ്മൂലത്തില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയെ സാമ്പത്തിക ബാധ്യതയുടെ വിഷമവൃത്തത്തില്‍ കുരുക്കിയിടാന്‍ കാരണം സര്‍ക്കാര്‍ നയങ്ങളാണെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കേരള സര്‍വ്വീസ് റൂള്‍ പ്രകാരം വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ട വിഭവങ്ങളോ റിസര്‍വ്വ് ഫണ്ടോ കൈവശമില്ലെന്നും സത്യവാങ്മൂലത്തില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ ഇനിയും സഹായിക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

പ്രതിമാസ വരുമാനമായി ലഭിക്കുന്നത് 3245 കോടി രൂപയാണ്. എന്നാല്‍, പെന്‍ഷന്‍ അടക്കം പ്രതിമാസ ചെലവ് 3415 കോടി രൂപയാണ്. 170 കോടി രൂപയുടെ കമ്മിയുണ്ട്. ചെലവില്‍ 191 കോടി പ്രവര്‍ത്തന ചെലവാണ്. പെന്‍ഷന്‍ ചെലവ് 60 കോടി രൂപയും ശമ്പളം 85.5 കോടിയും വരുന്നു. സര്‍ക്കാര്‍ നയം മൂലം പെന്‍ഷന്‍ നല്‍കിയതിനാല്‍ അതുമൂലമുണ്ടായ ബാധ്യതയുടെ ഉത്തരവാദിത്തവും സര്‍ക്കാരിനാണ്.

സര്‍ക്കാരിന്റെ സാമൂഹിക ഉത്തരവാദിത്തം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഉള്‍നാടുകളിലേക്കും വേണ്ടത്ര യാത്രക്കാരില്ലാത്ത പ്രദേശങ്ങളിലേക്കും സര്‍വ്വീസ് നടത്തേണ്ടി വരുന്നു. ഇവയൊന്നും ലാഭമുള്ള റൂട്ടുകളല്ലാത്തതിനാല്‍ കോര്‍പറേഷന് വലിയ ബാധ്യതയാണുണ്ടാക്കുന്നത്. കോര്‍പറേഷന്റെ സാമൂഹിക ഉത്തരവാദിത്തവും ബസ് ചാര്‍ജും നിയന്ത്രിക്കുന്നത് സര്‍ക്കാരാണ്. അതില്‍ കോര്‍പറേഷന് നേരിട്ടുള്ള നിയന്ത്രണമില്ല.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News