ഫോണ്‍കെണി കേസ്: എകെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍
ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍. തിരുവനന്തപുരം കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസ് തീര്‍പ്പാക്കരുത് എന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ സ്ത്രീ നല്‍കിയ ഹര്‍ജി കോടതി തള്ളി.
ഫോൺകെണി കേസിൽ മുൻമന്ത്രി എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച മാധ്യമ പ്രവർത്തക മൊഴി നൽകിയ പശ്ചാത്തലത്തിലാണ് കോടതി വിധി. കേസ് ഒത്തുതീർപ്പാക്കരുതെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയും കോടതി തളളി. വിധിയിൽ സന്തോഷമുണ്ടെന്ന് എകെ ശശീന്ദ്രൻ പ്രതികരിച്ചു.
മന്ത്രിയായിരിക്കെ പരാതി പറയാനെത്തിയ യുവതിയെ ഉപദ്രവിച്ചെന്നും ഫോണിലുടെ അശ്ലീലം പറഞ്ഞുവെന്നുമായിരുന്നു എകെ ശശീന്ദ്രനെതിരായ ആക്ഷേപം. എന്നാൽ ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക തന്നെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് കോടതിയിൽ മൊഴി നൽകിയതോടെ കേസ് ശശീന്ദ്രന് അനുകൂലമായി. ശശീന്ദ്രൻ ഉപദ്രവിച്ചിട്ടില്ലെന്നും ഫോൺ വിളിച്ച് അശ്ലീലം പറഞ്ഞത് ശശീന്ദ്രൻ ആണോയെന്ന് ഉറപ്പില്ലെന്നുമാണ് പരാതിക്കാരി മൊഴി നൽകിയത്. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം സിജെഎം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. കേസ് തീർപ്പാക്കരുതെന്നാവശ്യപ്പെട്ട് തൈക്കാട് സ്വദേശി മഹാലക്ഷമി നൽകിയ സ്വകാര്യ ഹർജിയും കോടതി തളളി. കേസുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. കോടതി വിധിയിൽ സന്തോഷമുണ്ടെന്നായിരുന്നു എകെ ശശീന്ദ്രൻറെ പ്രതികരണം.
2017 മാർച്ചിലായിരുന്നു ശശീന്ദ്രനെതിരായ ആരോപണം മംഗളം ചാനൽ പുറത്ത് വിട്ടത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ചാനൽ മനപൂർവം ഒരുക്കിയ കെണിയിൽ ശശീന്ദ്രൻ കുടുങ്ങുകയായിരുന്നെന്ന് വ്യക്തമായി. ഇതിൻറെ അടിസ്ഥാനത്തിൽ ചാനൽ മേധാവിയടക്കമുളളവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.