എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: ഇടതുമുന്നണി അന്തിമ തീരുമാനമെടുക്കട്ടെയെന്ന് സിപിഎം
ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായത്. മുന്നണിയുടെ പൊതുവികാരത്തിനൊപ്പം യോഗത്തില്‍ നിലപാട്..
എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ ഇടതുമുന്നണി അന്തിമ തീരുമാനമെടുക്കട്ടെയെന്ന് സിപിഎം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായത്. മുന്നണിയുടെ പൊതുവികാരത്തിനൊപ്പം യോഗത്തില്‍ നിലപാട് സ്വീകരിക്കാനും സിപിഎം തീരുമാനിച്ചു.
പിഎസ് ആന്‍റണി കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം വീണ്ടും ചര്‍ച്ചയായത്. തോമസ് ചാണ്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന മന്ത്രിസ്ഥാനത്തേക്ക് എകെ ശശീന്ദ്രനെ കൊണ്ട് വരണമെന്ന് എന്‍സിപി നേതൃത്വം ഔദ്യോഗികമായി ഇന്നലെ ആവശ്യപ്പെട്ടതോടെ സിപിഎം ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നത്. നിലവിലെ സാഹചര്യത്തില്‍ ശശീന്ദ്രന് തിരികെ വരുന്നതില്‍ മറ്റ് തടസ്സങ്ങളില്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായതെന്നാണ് സൂചന. ഹൈക്കോടതിയിലെ കേസ് നിലനില്‍ക്കുന്നതിലെ ആശങ്ക ചിലര്‍ പങ്ക് വെച്ചതായും വിവരമുണ്ട്. ഇതോടെയാണ് അന്തിമതീരുമാനം മുന്നണിക്ക് വിടാന്‍ സിപിഎം തീരുമാനിച്ചത്.
മുന്നണി യോഗത്തിലുണ്ടാവുന്ന പൊതുവികാരത്തിന്‍റെ അടിസ്ഥാനത്തില്‍ അപ്പോള്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കും. എന്നാല്‍ മുന്നണി യോഗം ചേരുന്ന തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. ദേശീയ നിര്‍വ്വാഹകസമിതിയോഗത്തിന് പോയ സിപിഐ നേതാക്കള്‍ തിരികെ വന്നതിന് ശേഷം അടുത്താഴ്ചയോടെ യോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനിടയില്‍ ഹൈക്കോടതിയിലെ കേസിന്‍റെ കാര്യത്തില്‍ അന്തിമതീരുമാനം വരുമെന്നും വിലയിരുത്തലുണ്ട്.