ഇടുക്കിയിലെ കയ്യേറ്റങ്ങളുടെ പട്ടിക തയ്യാറാക്കാൻ റവന്യു മന്ത്രിയുടെ നിർദേശം
ഇടുക്കിയിലെ മുഴുവൻ കയ്യേറ്റങ്ങളുടേയും പട്ടിക തയ്യാറാക്കാൻ ലാന്‍റ് റവന്യു കമ്മീഷണർക്ക് റവന്യു മന്ത്രി നിർദേശം നൽകി
ഇടുക്കിയിലെ മുഴുവൻ കയ്യേറ്റങ്ങളുടേയും പട്ടിക തയ്യാറാക്കാൻ ലാന്‍റ് റവന്യു കമ്മീഷണർക്ക് റവന്യു മന്ത്രി നിർദേശം നൽകി. മൂന്നാറിലെ കയ്യേറ്റങ്ങളാണ് പ്രധാനമായും അന്വേഷിക്കേണ്ടത്. പട്ടിക തയ്യാറാക്കി ഒരു മാസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മൂന്നാറിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ഗുരുതരമാണെന്ന് ചൂണ്ടിക്കാണിച്ച് ലാന്‍റ് റവന്യു കമ്മീഷണർ നിയമസഭ പരിസ്ഥിതി കമ്മറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പട്ടയ ഭൂമിയിൽ അടക്കം കയ്യേറ്റവും അനധികൃത നിർമ്മാണവും നടക്കുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് ഇടുക്കിയിലെ കയ്യേറ്റങ്ങളുടെ വിശദമായ പട്ടിക തയ്യാറാക്കാൻ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ലാന്‍റ് റവന്യു കമ്മീഷണർക്കും റവന്യു സെക്രട്ടറിക്കും നിർദേശം നൽകിയത്. കയ്യേറ്റം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ റവന്യു വകുപ്പിന്‍റെ കയ്യിലില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ നടപടി.
മൂന്നാറിലെ കയ്യേറ്റങ്ങളുടെ പട്ടികയാണ് പ്രധാനമായും തയ്യാറാക്കേണ്ടത്. കയ്യേറ്റത്തിന്‍റെ സ്വഭാവം, കയ്യേറ്റ ഭൂമിയിലെ നിർമ്മാണം, കയ്യേറ്റത്തിന്‍റെ വ്യാപ്തി എന്നിവ കണക്കിലെടുത്താവണം റിപ്പോർട്ട് തയ്യാറാക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു. മൂന്നാർ കയ്യേറ്റം സംബന്ധിച്ച് ഭരണമുന്നണിയിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. സിപിഎം - സിപിഐ നേതൃത്വങ്ങളും ഇക്കാര്യത്തിൽ രണ്ട് തട്ടിലാണ്. കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മൂന്നാറിൽ സമരം ആരംഭിച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് കയ്യേറ്റങ്ങൾക്കെതിരായ തുടർനടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോകുന്നത്.