യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസ്; പ്രതികള്‍ നിരപരാധികളെന്ന് ബന്ധുക്കള്‍
കോടതി നിര്‍ദേശപ്രകാരം യുവതി ഭര്‍ത്താവ് റിയാസിനൊപ്പം മടങ്ങിയപ്പോഴാണ് പ്രതികളെന്ന് ആരോപിക്കപ്പെടുന്ന യുവാക്കള്‍ താമസസൌകര്യം ഒരുക്കിയത്
യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ യുഎപിഎ ചുമത്തി റിമാന്റ് ചെയ്ത പ്രതികള്‍ നിരപരാധികളെന്ന് ബന്ധുക്കള്‍. കോടതി നിര്‍ദേശപ്രകാരം യുവതി ഭര്‍ത്താവ് റിയാസിനൊപ്പം മടങ്ങിയപ്പോഴാണ് പ്രതികളെന്ന് ആരോപിക്കപ്പെടുന്ന യുവാക്കള്‍ താമസസൌകര്യം ഒരുക്കിയത്. ഇതിന് വ്യക്തമായ തെളിവുണ്ടായിരിക്കെ യുവാക്കളെ കേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
നിർബന്ധിച്ചു മതം മാറ്റി സൗദി അറേബ്യയിൽ എത്തിച്ചു എന്നും അവിടെ നിന്ന് സിറിയയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ ഭര്‍ത്താവായിരുന്ന ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ സഹായിച്ചുവെന്നാരോപിച്ചാണ് എറണാകുളം സ്വദേശികളായ ഫയാസ്, സിയാദ് എന്നിവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവര്‍ക്കെതിരെ യുഎപിഎയും ചുമത്തി. മുമ്പ് യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹൈക്കോടതിയില്‍ ഹാജരായ യുവതി റിയാസിനൊപ്പം പോകണമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. അന്ന് റിയാസിനും യുവതിക്കും താമസ സൌകര്യം ഏര്‍പ്പെടുത്തിയത് ഫയാസും സിയാദുമായിരുന്നു. പിന്നീട് യുവതിയും റിയാസും സൌദി അറേബ്യയിലേക്ക് മടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഇവരെ പ്രതികളാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
2014ൽ ബംഗളൂരുവിൽ പഠിക്കുമ്പോഴാണ് യുവതിയെ കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസ് പരിചയപെടുന്നത്. കേസിൽ രണ്ടു അഭിഭാഷകരടക്കം 7 പേർക്കെതിരെ കൂടി യുവതി പരാതി നൽകിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ പശ്ചാത്തലത്തില്‍ കേസ് എന്‍ഐഎക്ക് കൈമാറാനാണ് സാധ്യത.