300ലേറെ പിഎസ്‍സി റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്നു; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍
റാങ്ക് പട്ടികകളുടെ കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതോടെ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ആശങ്കയിലാകുന്നത്
300ല്‍ അധികം പിഎസ്‍സി റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്നു. നാലര വര്‍ഷം പൂര്‍ത്തിയാകാത്ത പട്ടികകളുടെ കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതോടെ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ആശങ്കയിലാകുന്നത്.
അസിസ്റ്റന്റ് സര്‍ജന്‍, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്‍റ് എന്നിവയടക്കം മൂന്നൂറിലധികം പട്ടികകളുടെ കാലാവധി ഈ മാസം 30നാണ് അവസാനിക്കുന്നത്. ഒരു റാങ്ക് പട്ടികക്ക് നീട്ടിനല്‍കാവുന്ന പരമാവധി കാലാവധി നാലര വര്‍ഷമാണ്. എന്നാല്‍ ഇപ്പോള്‍ കാലാവധി തീരുന്നതില്‍ പലതും നാലര വര്‍ഷമായിട്ടില്ല. സമയം നീട്ടി നല്‍കിയില്ലെങ്കില്‍ പിഎസ്‍സി എന്ന സ്വപ്നം തന്നെ പല റാങ്ക് ജേതാക്കള്‍ക്കും അന്യമാകും.
അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് തസ്തിക ഉള്‍പ്പെടെ പലതിനും പുതിയ ലിസ്റ്റ് തയാറായിട്ടില്ല. അതിനാല്‍ ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാരിന് കഴിയും. പിഎസ്‍സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിയുന്ന നൂറുക്കണക്കിന് പേരാണ് ഈ ലിസ്റ്റിലുള്ളത്. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.