രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് എംഡിമാര്‍; കെഎസ്ആര്‍ടിസി പുനരുദ്ധാരണം വെള്ളത്തില്‍
സാമ്പത്തിക പ്രയാസം മറികടക്കാന്‍ രൂപം നല്‍കിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് കെഎസ്ആര്‍ടിസി തലപ്പത്തെ അടിക്കടിയുള്ള മാറ്റം.
പ്രതിസന്ധിയുടെ നടുക്കടലിലുള്ള കെഎസ്ആര്‍ടിസിക്ക് എംഡിമാരുടെ മാറ്റം ഇരുട്ടടിയാകുന്നു. സാമ്പത്തിക പ്രയാസം മറികടക്കാന്‍ രൂപം നല്‍കിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് കെഎസ്ആര്‍ടിസി തലപ്പത്തെ അടിക്കടിയുള്ള മാറ്റം.
രണ്ട് വര്‍ഷം, മൂന്ന് എംഡിമാര്‍. പെന്‍ഷന്‍ മുടങ്ങി ശമ്പളം വൈകി ആകെ താറുമാറായി കിടക്കുന്ന ഒരു സ്ഥാപനത്തിന്‍റെ തലപ്പത്താണ് അടിക്കടിയുള്ള ഈ മാറ്റം. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏറെ പ്രതീക്ഷയോടെയും കൊട്ടിഘോഷിച്ചും കൊണ്ടുവന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച എം ജി രാജമാണിക്യത്തിന് ഒരു വര്‍ഷത്തിനുള്ളില്‍ കസേര നഷ്ടമായി. തൊഴിലാളികളുടെ രോഷം പിടിച്ചുപറ്റിയത് മാത്രം അദ്ദേഹത്തിന് മിച്ചം.
പകരം വന്നത് എഡിജിപി എ ഹേമചന്ദ്രന്‍. സോളാര്‍ കേസൊതുക്കാന്‍ സഹായിച്ചെന്ന് എല്‍ഡിഎഫ് ആരോപിക്കുന്ന എഡിജിപി എ ഹേമചന്ദ്രനെ ഒതുക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസിയിലേക്ക് തട്ടിയത്. തുടക്കത്തില്‍ ചാര്‍ജെടുക്കാന്‍ പോലും വിസമ്മതിച്ച ഹേമചന്ദ്രന്‍ 3200 കോടിയുടെ ബാങ്ക് വായ്പ തരപ്പെടുത്തിയതുള്‍പ്പെടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതിന് പിന്നാലെയാണ് പുതിയ സ്ഥാനമാറ്റം.
നേരത്തെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായുള്ള ശീതസമരത്തിന്റെ പേരില്‍ ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ പദവി നഷ്ടമായ ടോമിന്‍ തച്ചങ്കരിയാണ് പകരമെത്തുന്നത്. എ കെ ശശീന്ദ്രന് തന്നെ ചുമതലയുള്ള കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് തച്ചങ്കരി എത്ര നാള്‍ ഉണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല. കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കുമെന്ന ഇടതുമുന്നണിയുടെ പ്രഖ്യാപനത്തില്‍ ഒരു ആത്മാര്‍ഥതയുമില്ലെന്ന് തെളിയിക്കുന്നതാണ് ഒരു മാനദണ്ഡവുമില്ലാത്ത ഈ അഴിച്ചുപണി.