കോമഡി കളിച്ച് എല്ലായിടത്തും രക്ഷപെടാന്‍ കഴിയില്ല; ഇന്നസെന്റിനോട് വിനയന്‍

Update: 2018-06-05 02:56 GMT
കോമഡി കളിച്ച് എല്ലായിടത്തും രക്ഷപെടാന്‍ കഴിയില്ല; ഇന്നസെന്റിനോട് വിനയന്‍
Advertising

സുകുമാർ അഴീക്കോട് താങ്കളുടെ ഇന്നസെന്റെന്ന പേരിനെ പറ്റി പറഞ്ഞ വിവരണം ഞാനിവിടെ ആവർത്തിക്കുന്നില്ല

നടിമാരെ അപമാനിച്ചുകൊണ്ടുള്ള അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രസ്താവനക്കെതിരെ സംവിധായകന്‍ വിനയന്‍. തികഞ്ഞ സ്ത്രീ വിരുദ്ധത പറഞ്ഞ താങ്കള്‍ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല ചാലക്കുടിയിലെ പാര്‍ലമെന്റിലേക്കുള്ള ജനപ്രതിനിധികൂടിയാണ് എന്നോർത്താൽ കൊള്ളാമെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീമാൻ ഇന്നസെന്റ് ചേട്ടൻ ..... ഇത്രമാത്രം വിവരദോഷങ്ങളും സ്ത്രീ വിരുദ്ധ പ്രസ്താവനകളും വീണ്ടും വീണ്ടും വിളമ്പി സാംസ്കാരിക കേരളത്തെ മലീമസമാക്കാൻ നിങ്ങൾക്കിതെന്തു പറ്റി... സിനിമാ രംഗത്തേ വൃത്തികേടുകളും അപചയങ്ങളും തുറന്നു പറയാൻ തയ്യാറായ പെൺകുട്ടികളേ താങ്കള്‍ ആവർത്തിച്ച് അപമാനിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇന്നു മലയാളത്തിലുള്ള ഏറ്റവും പ്രഗൽഭരായ നടിമാരിൽ ഒരാളായ പാർവ്വതി പറഞ്ഞ അഭിപ്രായത്തേപ്പറ്റി മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞ മറുപടി തരം താണതും കുറ്റകരമായതുമാണ് . ഏതെങ്കിലും നടിക്ക് അങ്ങനെ കിടക്ക പങ്കിടേണ്ടി വരുന്നെങ്കില്‍ അതവരുടെ കയ്യിലിരുപ്പു കൊണ്ടായിരിക്കും എന്ന തികഞ്ഞ സ്ത്രീ വിരുദ്ധത പറഞ്ഞ താങ്കള്‍ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല ചാലക്കുടിയിലെ പാര്‍ലമെന്റിലേക്കുള്ള ജനപ്രതിനിധികൂടിയാണ് എന്നോർത്താൽ കൊള്ളാം. അന്തരിച്ച മഹാനായ സാസ്കാരിക നായകൻ സുകുമാർ അഴീക്കോട് താങ്കളുടെ ഇന്നസെന്റെന്ന പേരിനെ പറ്റി പറഞ്ഞ വിവരണം ഞാനിവിടെ ആവർത്തിക്കുന്നില്ല. അതു താങ്കള്‍ അന്വർത്ഥമാക്കരുത്.

ദയവു ചെയ്ത് ഇനിയും പൊട്ടൻ കളിക്കരുത് .. ഒൻപതു വർഷമായി എനിക്കെതിരേ നടന്ന അപ്രഖ്യാപിത വിലക്കുകളേപ്പറ്റി പലപ്രാവശ്യം ഞാൻ പറഞ്ഞപ്പോഴും എനിക്കൊന്നുമറിയില്ല വിനയാ എന്നു നിഷ്കളങ്കനായി പറഞ്ഞ ഇന്നസെന്റ് ചേട്ടനെ ഞാനിപ്പോൾ ഓർത്തുപോകുന്നു.. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഫൈൻ അടിക്കുന്നതു വരെ താങ്കള്‍ക്ക് അതൊന്നും മനസ്സിലായിരുന്നില്ല. എന്റെ മനസ്സിൽ തോന്നിയ പ്രതികരണം ഞാൻ മിതമായ ഭാഷയിൽ പറഞ്ഞെന്നേയുള്ളു.. ഇതിനിനി ...മുകേഷിനെ പോലുള്ളവരെക്കൊണ്ട് എന്നെ വിരട്ടരുത്..... അമ്മയെപ്പറ്റി അക്ഷരം മിണ്ടിയാൽ വീണ്ടും വിലക്കുമെന്ന് മുകേഷ് അദ്ദേഹമാണല്ലോ അമ്മയുടെ ജനറൽ ബോഡിയിൽ പറഞ്ഞത്.. ഇന്നസെന്റ് ചേട്ടനെ കൂടുതൽ എഴുതി ഞാൻ വിഷമിപ്പിക്കുന്നില്ല.. കോമഡി കളിച്ച് എല്ലാടത്തും രക്ഷപെടാൻ കഴിയില്ലാ.. എന്നു താങ്കള്‍ ഓര്‍ക്കണം.

Tags:    

Similar News