അതിരൂപതാ ഭൂമിയിടപാട്: കേസ് നടത്തിപ്പ് സിനഡ് ഏറ്റെടുത്തു

Update: 2018-06-05 21:36 GMT
അതിരൂപതാ ഭൂമിയിടപാട്: കേസ് നടത്തിപ്പ് സിനഡ് ഏറ്റെടുത്തു
Advertising

കേസ് നടത്തിപ്പില്‍ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വീഴ്ച വരുത്തിയെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പ് സീറോ മലബാര്‍ സഭാ സിനഡ് ഏറ്റെടുത്തു. കേസ് നടത്തിപ്പില്‍ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വീഴ്ച വരുത്തിയെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനും സഭയുടെ സ്ഥിരം സിനഡില്‍ ധാരണയായി.

Full View

ഭുമിയിടപാട് കേസ് ന‍ടത്തിപ്പ് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റീവ് ചുമതല വഹിക്കുന്ന സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് നിര്‍വഹിച്ചിരുന്നത്. വക്കാലത്ത് നല്‍കിയതടക്കമുള്ള കാര്യങ്ങളുടെ മേൽനോട്ടം നടത്തിയതും എടയന്ത്രത്താണ്. എന്നാല്‍ കേസ് നടത്തിപ്പില്‍ ‍ വലിയ വീഴ്ച വന്നതായി സിനഡ് വിലയിരുത്തി. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ പരാമര്‍ശങ്ങള്‍ ചോദിച്ച് വാങ്ങിയതാണ്. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ സ്ഥിരം സിനഡ് യോഗത്തിലേക്ക് വിളിച്ച് വരുത്തി വിമര്‍ശനമറിയിച്ചു. കേസ് നടത്തിപ്പ് പൂര്‍ണമായും സിനഡ് ഏറ്റെടുത്തു.

ഇതിനായി മൂന്നംഗ മെത്രാന്‍ സമിതിയെ സഭ നിയോഗിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലിനാണ് സമിതിയുടെ ചുമതല. മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് മാനത്തോടത്ത് എന്നിവരാണ് മറ്റംഗങ്ങൾ. കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പ് ചുമതല ഈ സമിതിക്കായിരിക്കും. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും സിനഡിൽ തീരുമാനമായിട്ടുണ്ട്. കേസ് നടത്തിപ്പിന്റെ ചിലവ് പൂര്‍ണമായും സിനഡ് വഹിക്കും. അതേസമയം സഭാ ഭൂമിയിടപാടിലെ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News