കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏപ്രിൽ മുതൽ
ഡബിൾ ഡ്യൂട്ടി സംവിധാനം ഇല്ലാതാക്കുന്നതിനെതിരെ തൊഴിലാളികളുടെ എതിർപ്പ് വകവെക്കാതെയാണ് കോർപ്പറേഷന്റെ തീരുമാനം.
കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച സർക്കുലർ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഡബിൾ ഡ്യൂട്ടി സംവിധാനം ഇല്ലാതാക്കുന്നതിനെതിരെ തൊഴിലാളികളുടെ എതിർപ്പ് വകവെക്കാതെയാണ് കോർപ്പറേഷന്റെ തീരുമാനം.
കെഎസ്ആർടിസിയുടെ മുഴുവൻ ഷെഡ്യൂളുകളും സിംഗിൾ ഡ്യൂട്ടികളായി ക്രമീകരിക്കാനുള്ള ഉത്തരവ് നേരത്തെ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ നേരത്തെ പുറത്തിറക്കിയിരുന്നു. ഈ തീരുമാനം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്താൻ ഈ മാസം പതിനാറിന് ചേർന്ന സോണൽ ഓഫീസർമാരുടെ യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം തിയ്യതി മുതൽ സിംഗിൾ ഡ്യൂട്ടിക്കനുസൃതമായി ഷെഡ്യൂളുകൾ ക്രമീകരിക്കാൻ നിർദേശം നൽകി സർക്കുലർ ഇറക്കിയത്. ഓർഡിനറി, സിറ്റി ഫാസ്റ്റ്, സൂപ്പർ ക്ലാസ് തുടങ്ങിയ എല്ലാ സർവ്വീസുകൾക്കും ഒന്നാം തിയ്യതി മുതൽ തീരുമാനം ബാധകമായിരിക്കും.
ഓർഡിനറി സിറ്റി സർവ്വീസുകളിൽ എട്ട് മണിക്കൂറിനും പത്ത് മണിക്കൂറിനും ഇടയിൽ അധിക ജോലി എടുക്കാം. ഈ അധിക സമയത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകും. സുപ്പർ ക്ലാസ് സർവ്വീസുകൾ എട്ട് മണിക്കുറിന് ശേഷം ക്രൂ ചെയ്ഞ്ചിംഗിന് സംവിധാനം ഒരുക്കണമെന്നും സർക്കുലറിൽ പറയുന്നു. സിംഗിൾ ഡൂട്ടിയിലേക്ക് മാറുമ്പോൾ നിലവിൽ ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതൽ വരുമാനം ലഭിക്കാവുന്ന തരത്തിൽ ട്രിപ്പുക്കൾ ക്രമീകരിക്കാനും സർക്കുലറിൽ നിർദേശമുണ്ട്. നിലവിലുള്ള സബിൾ ഡ്യൂട്ടി എടുത്ത് കളഞ്ഞ് സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നതാണ് തൊഴിലാളികളുടെ വാദം. ഇത് പരിഗണിക്കാതെയാണ് കെഎസ്ആർടിസി തീരുമാനം നടപ്പിലാക്കുന്നത്.