സുധാകരന്‍റെ പരാജയം; ലീഗിനെതിരെ ആഞ്ഞടിച്ച് കാസര്‍ഗോഡ് ഡിസിസി
മണ്ഡലത്തിലെ ഇടതുകേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാക്കാനായപ്പോഴും മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലകളില്‍ വോട്ട് ചോര്‍ന്നതാണ് പരാജയത്തിന് കാരണമെന്ന് നേതാക്കള്‍ തുറന്നടിച്ചു
ഉദുമ മണ്ഡലത്തിലെ കെ സുധാകരന്‍റെ പരാജയത്തെ ചൊല്ലി ഡിസിസി നേതൃയോഗത്തില്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശം. മണ്ഡലത്തിലെ ഇടതുകേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാക്കാനായപ്പോഴും മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലകളില്‍ വോട്ട് ചോര്‍ന്നതാണ് പരാജയത്തിന് കാരണമെന്ന് നേതാക്കള്‍ തുറന്നടിച്ചു. ന്യൂനപക്ഷ വോട്ട് ചോരാതിരിക്കാന്‍ ലീഗ് നേതൃത്വം ജാഗ്രതകാട്ടിയില്ലെന്നും നേതാക്കള്‍ ആരോപിച്ചു. കെ സുധാകരന്‍റെ സാനിധ്യത്തില്‍ നടന്ന യോഗത്തിലാണ് ലീഗിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി പ്രതികരിച്ചത്.
ഉദുമ മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് ഏറെ സ്വാധീനമുള്ള കുറ്റിക്കോല്‍, ബേഡഡുക്ക, ദേലംപാടി, പുല്ലൂര്‍ പെരിയ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് വോട്ട് വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ മുസ്ലിം ലീഗിന് സ്വാധീനമുള്ള ചെമ്മനാട്, മുളിയാര്‍, ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് നേടാനായില്ല. ന്യൂനപക്ഷ വോട്ട് ചോര്‍ന്ന് പോകുന്നത് തടയാന്‍ ലീഗ് നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തി. പ്രതീക്ഷിച്ച ന്യൂനപക്ഷവോട്ട് ലഭിക്കാത്തതാണ് പരാജയത്തിന് കാരണമെന്ന് കെ സുധാകരനും പറഞ്ഞു.