ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും: മൂന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കെഎസ്‍യു പ്രവര്‍ത്തകരെ ആറ് വര്‍ഷത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എറണാകുളം ഡിസിസി അറിയിച്ചു.
എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവത്തില്‍ മൂന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിലെന്ന് അറസ്റ്റിലായ കെഎസ്‍യു നേതാക്കള്‍ ആരോപിച്ചു. കെഎസ്‍യു പ്രവര്‍ത്തകരെ ആറ് വര്‍ഷത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എറണാകുളം ഡിസിസി അറിയിച്ചു.
കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ശവപ്പെട്ടിയും റീത്തും വച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ, കെഎസ്‌യു മുൻ സംസ്ഥാന സെക്രട്ടറി സബീർ മുട്ടം, മുജീബ് എന്നിവരാണ് അറസ്റ്റിലായത്.
വടുതലയിലെ കടയിൽനിന്നും കെഎസ്യു നേതാക്കൾ ശവപ്പെട്ടി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രതിഷേധം നേതാക്കള്‍ക്ക് എതിരല്ലെന്നും അവരുടെ നിലപാടുകള്‍ക്ക് എതിരാണെന്നും അറസ്റ്റിലായവര്‍ പ്രതികരിച്ചു.