വന്യജീവികളുടെ ആക്രമണം: ഇടുക്കിയില്‍ രണ്ട് തോട്ടംതൊഴിലാളികള്‍ കൊല്ലപ്പെട്ടു
ഇടുക്കിയില്‍ കാട്ടാനയുടെയും വാല്‍പ്പാറയില്‍ പുലിയുടെയും ആക്രമണത്തിലാണ് തൊഴിലാളികള്‍ മരിച്ചത്
വന്യജീവികളുടെ ആക്രമണത്തില്‍ ഇടുക്കിയിലും വാല്‍പ്പാറയിലും രണ്ട് തോട്ടം തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇടുക്കിയില്‍ കാട്ടാനയുടെയും വാല്‍പ്പാറയില്‍ പുലിയുടെയും ആക്രമണത്തിലാണ് തൊഴിലാളികള്‍ മരിച്ചത്. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഇരുസ്ഥലങ്ങളിലും നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
രാവിലെ തോട്ടത്തില്‍ ജോലിക്ക് പോകുന്നതിനിടെയാണ് ഇടുക്കി പൂപ്പാറ മൂലക്കല്‍ സ്വദേശി വേലു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ഥലത്ത് സ്ഥിരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒറ്റയാനാണ് ആക്രമിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ജൂണ്‍ 30ന് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കേരള - തമിഴ്നാട് അതിര്‍ത്തിയായ വാല്‍പ്പാറയില്‍ രാവിലെയുണ്ടായ പുലിയുടെ ആക്രമണത്തില്‍ കൌസല്യവതി എന്ന തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്തുണ്ടാകുന്ന നാലാമത്തെ ആക്രമണമാണ് ഇത്. വന്യജീവികളില്‍ നിന്ന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.