കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി
കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.
കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിൽ മരണം 13 ആയി. ദുരന്തത്തിൽ മരിച്ച ഹസന്റെ ഭാര്യ ആസ്യയുടെ മൃതദേഹം ഇന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.
കരിഞ്ചോലമലയുടെ താഴെ നിന്നാണ് ആസ്യയുടെ മൃതദേഹം കിട്ടിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തി. ഇതോടെ ഹസന്റെ കുടുംബത്തിൽ നിന്ന് മാത്രം മരിച്ചവരുടെ എണ്ണം എട്ടായി. ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാറുപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നഫീസയുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന് സമീപമാണ് ഇന്ന് പരിശോധിച്ചത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരനും ടി പി രാമകൃഷ്ണനും സ്ഥലത്തെത്തി.
ദുരിതബാധിതര്‍ക്ക് എത്രയും വേഗം സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് വി എം സുധീരനും ആവശ്യപ്പെട്ടു. തുടർച്ചയായ നാലാം ദിവസമാണ് സ്ഥലത്ത് തെരച്ചിൽ നടക്കുന്നത്. കാണാതായ നഫീസക്കായുള്ള തെരച്ചിൽ തുടരുകയാണ്.