ശബരിമലയിലെ ദേവപ്രശ്‌നം സമാപിച്ചു

Update: 2018-06-18 06:57 GMT
Editor : admin | admin : admin
ശബരിമലയിലെ ദേവപ്രശ്‌നം സമാപിച്ചു
Advertising

ശബരിമലയുമായി ബന്ധപ്പെട്ട് ഭൂമി വിവാദങ്ങള്‍ ഉണ്ടാകുമെന്നും പമ്പാ നദിയില്‍ ദുരന്തത്തിന് സാധ്യതയുണ്ടെന്നും ദേവപ്രശ്‌നം പറയുന്നു...

ശബരിമലയില്‍ മൂന്ന് ദിനങ്ങളിലായി നടന്നിരുന്ന ദേവപ്രശ്‌നം സമാപിച്ചു. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളില്‍ ലോപം സംഭവിച്ചിട്ടുണ്ടെന്നും ഭസ്മക്കുളം പഴയ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നും പ്രശ്‌ന വിധിയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് ഭൂമി വിവാദങ്ങള്‍ ഉണ്ടാകുമെന്നും പമ്പാ നദിയില്‍ ദുരന്തത്തിന് സാധ്യതയുണ്ടെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു.

Full View

ദൈവജ്ഞന്‍ പത്മനാഭ ശര്‍മയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദേവപ്രശ്‌നത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ് പരമ്പരാഗത ആചാര അനുഷ്ടാനങ്ങളില്‍ വീഴ്ചയുണ്ടായി. ഭസ്മക്കുളം പഴയ സ്ഥാനത്ത് പുനഃസ്ഥാപിക്കണം. പമ്പ ത്രിവേണിയിലെ ശ്രീരാമപാദം സംരക്ഷിക്കണം. അന്തരിച്ച മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് മനസ് വേദനിച്ചാണ് സന്നിധാനം വിട്ടത്. മൂത്ത പുത്രന്‍ മോഹനരരെ തന്ത്രിയാക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇതിന്‍ പ്രകാരം മോഹനരരെ തന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദേവസ്വം പ്രസിഡന്റ് ദേവപ്രശ്‌ന വേദിയില്‍ വ്യക്തമാക്കി.

അയ്യപ്പന് കൂടുതല്‍ വസ്തുക്കള്‍ നിവേദിക്കണം. പതിനെട്ടാംപടിയുടെ മേല്‍ക്കൂര പൊളിക്കണം, മദ്യപിച്ചെത്തുന്നവരുടെ സാന്നിധ്യം പല ദോഷങ്ങള്‍ക്കും കാരണമാകുന്നു. നിത്യവും ക്ഷേത്രത്തില്‍ കളവ് നടക്കുന്നു. പന്തളം കൊട്ടാരവും ദേവസ്വവും പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കണം. തിരുവിതാംകൂര്‍ രാജവംശത്തിലെ അംഗങ്ങളെ ശബരിമലയില്‍ എത്തിക്കുന്നതിന് നടപടി വേണം. ക്ഷേത്ര മതിലക പരിധിയില്‍ ഉള്ള മേല്‍ശാന്തി, തന്ത്രി എന്നിവരുടെ താമസ സ്ഥലം മാറ്റണം. അയ്യപ്പന് ശയനം സുഖമാവുന്നില്ല. അതിന് തന്ത്രി പരിഹാരം കാണണം. സ്‌പോണ്‍സര്‍മാരുടെ പേരുകള്‍ ക്ഷേത്രത്തിന് അകത്ത് എഴുതിവെക്കരുത്. ആലങ്കോട് സംഘവും അമ്പലപ്പുഴ സംഘവും തമ്മിലുള്ള വൈരുദ്ധ്യം ദേവന് ഇഷ്ടമാകുന്നില്ല. തുടങ്ങിയവയാണ് ദേവ പ്രശ്‌നത്തില്‍ തെളിഞ്ഞത്.

ആറാട്ട് ദിനത്തില്‍ ആനയിടഞ്ഞ് തിടമ്പ് താഴെ വീണതിനെ തുടര്‍ന്നാണ് ദേവ പ്രശ്‌നം നിശ്ചയിച്ചത്. പ്രശ്‌ന വിധിയനുസരിച്ചുള്ള പ്രായശ്ചിത്തങ്ങളും നിര്‍ദേശങ്ങളും ഉടന്‍ നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News