ജസ്നയുടെ തിരോധാനം; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
ജസ്നയുടെ തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കാട്ടിലും മറ്റും അന്വേഷിച്ച് നടന്നാല്‍ പോരെന്നും അന്വേഷണം ക്യത്യമായി നടത്തണമെന്നും കോടതി. ജസ്നയുടെ ഫോണിലെ സന്ദേശങ്ങൾ സൈബർ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് വീണ്ടെടുത്തു.
ജസ്നയുടെ തിരോധാനം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി പോലിസിനെ വിമര്‍ശിച്ചത്. ഹരജിയില്‍ സിബിയുടെ വിശദീകരണം തേടി. കേസില്‍ വിശദമായ അന്വേഷണം ആണ് നടക്കുന്നതെന്നായിരുന്നു സര്‍ക്കാറിന്‍റെ മറുപടി. ഹരജി വീണ്ടും അടുത്തമാസം നാലിന് പരിഗണിക്കും.
ഇതിനിടെ കഴിഞ്ഞ മാർച്ച് 22 ന് ജസ്നയെ കാണാതാകുന്നതിന് മുമ്പ് ജസ്നയുടെ ഫോണിൽ സ്വീകരിച്ചതും അയച്ചതുമായ വാട്സ് ആപ്പ്, എസ്.എം.എസ്, ഫേസ് ബുക്ക് സന്ദേശങ്ങളാണ് സൈബർ സെൽ വിദഗ്ദർ വീണ്ടെടുത്തത്. ഫോൺ എടുക്കാതെയാണ് ജസ്ന വീട് വിട്ടിറങ്ങിയത്. ജസ്ന ആൺ സുഹൃത്തുമായി ആയിരത്തിലേറെ തവണ ഫോണിൽ സംസാരിച്ചതായി നേരത്തെ തെളിഞ്ഞിരുന്നു. മുണ്ടക്കയത്ത് ജസ്നയുടെ പിതാവ് ജയിംസിന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണകമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണം പുരോഗിമിക്കുന്ന വീട് പോലിസ് പരിശോധന നടത്തിയിരുന്നു.