മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി ആഘോഷത്തെ ചൊല്ലി രാഷ്ട്രീയ വിവാദം
ജില്ലാ രൂപീകരണത്തിനെതിരെ നിരാഹാര സമരം നടത്തിയ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് വാര്‍ഷികം ആഘോഷിക്കുന്നതിലെ യുക്തിയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നത്.
മലപ്പുറം ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. ജില്ലാ വാര്‍ഷികത്തിന് ഒരു വര്‍ഷം നീണ്ട പരിപാടികള്‍ പ്രഖ്യാപിച്ച മുസ്ലിം ലീഗിനെ ചോദ്യം ചെയ്ത് ഇടതുമുന്നണി രംഗത്തെത്തി. ജില്ലാ രൂപീകരണത്തിനെതിരെ നിരാഹാര സമരം നടത്തിയ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് വാര്‍ഷികം ആഘോഷിക്കുന്നതിലെ യുക്തിയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നത്.
1969ല്‍ മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ സിപിഎമ്മും ലീഗും ഉള്‍പ്പെട്ട സപ്ത കക്ഷി മന്ത്രിസഭയാണ് കേരളം ഭരിച്ചിരുന്നത്. അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ജില്ലാ രൂപീകരണത്തിന് എതിരായിരുന്നു. അന്നത്തെ കോഴിക്കോട് ഡിസിസി സെക്രട്ടറിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ജില്ലാ രൂപീകരണത്തിനെതിരെ നിരാഹാരം കിടന്നു. മലപ്പുറം കുട്ടിപ്പാക്കിസ്ഥാനാകുമെന്ന് പ്രസംഗിച്ചു. മലപ്പുറത്തിന് അമ്പത് വയസ്സ് തികയുമ്പോള്‍ മുസ്ലിം ലീഗും സിപിഎമ്മും ജില്ലയുടെ വാര്‍ഷികത്തെ കുറിച്ച് വാചാലരാണ്. കോണ്‍ഗ്രസ് മൌനത്തിലും. ഒരു വര്‍ഷം നീണ്ട ആഘോഷമാണ് മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്.
എന്നാല്‍ ജില്ലക്കെതിരെ നിലപാടെടുത്ത കോണ്‍ഗ്രസിനൊപ്പം നിന്ന് മുസ്ലിം ലീഗിന് എങ്ങനെ ആഘോഷിക്കാനാകുമെന്നാണ് ഇടതുപക്ഷത്തു നിന്നുള്ള ചോദ്യം. മലപ്പുറം ജില്ലയുടെ വികസന പിന്നാക്കാവസ്ഥയും ജില്ലാ വിഭജനത്തിന്‍റെ ആവശ്യകഥയും പല കോണുകളില്‍ നിന്ന് ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനെ വിഭാഗീയമായാണ് മുഖ്യധാരാ പാര്‍ട്ടികള്‍ കാണുന്നത്.