ഡ്യൂട്ടികഴിഞ്ഞ് പോകുകയായിരുന്ന പൊലീസുകാരന് എസ്എഫ്ഐക്കാരുടെ മര്‍ദ്ദനം
ചവറ കോളേജിലെ പൂർവ്വ വിദ്യാർഥിയായിരുന്ന സുഖേഷ് എബിവിപിപ്രവർത്തകനായിരുന്നു. അക്രമത്തിനിടെ ഇയാൾ ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വർണമാല നഷ്ടപ്പെട്ടതായും പരാതി
കൊല്ലം ചവറയില്‍ പോലീസുകാരന് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്തനംതിട്ട എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ സുഖേഷിനാണ് മർദ്ദനമേറ്റത്. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ വിശദീകരണം.
പത്തനംതിട്ട എ.ആർ.ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ ചവറ സ്വദേശി സുഖേഷിന് ചവറ ഗവണ്‍മെന്റ് കോളജിന് മുന്നില്‍വെച്ചാണ് മര്‍ദ്ദനമേറ്റത്. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷമായിരുന്നു മര്‍ദനം. തറയിലിട്ട് ചവിട്ടുകയും തലക്ക് മര്‍ദിക്കുകയും ചെയ്തതായി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സുഖേഷ് പറഞ്ഞു.
അക്രമത്തിനിടെ ഇയാൾ ധരിച്ചിരുന്ന മൂന്ന് പവൻ വരുന്ന സ്വർണമാല നഷ്ടപ്പെട്ടതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചവറ കോളേജിലെ പൂർവ്വ വിദ്യാർഥിയായിരുന്ന സുഖേഷ് എബിവിപിപ്രവർത്തകനായിരുന്നു. പഠനകാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുള്ള വിരോധമാണ് മര്‍ദ്ദിക്കാന്‍ കാരണമെന്ന് സുഖേഷ് പറഞ്ഞു.
അതേസമയം റോഡ് മുറിച്ച് കടന്ന പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് എസ്എഫ്ഐ നേതാക്കള്‍ പ്രതികരിച്ചു. സുഖേഷിന്റെ പരാതിയില്‍ എസ്.എഫ്.ഐ മുൻ ഏരിയാ സെക്രട്ടറിയടക്കം പത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.