പൊലീസിലെ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചെന്ന് മുഖ്യമന്ത്രി
ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കരുതെന്നും ദാസ്യപ്പണിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനെ ബാധിച്ചുവെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി
പൊലീസിലെ ദാസ്യപ്പണി വിഷയത്തില്‍ അന്ത്യ ശാസനവുമായി മുഖ്യമന്ത്രി. ചട്ടങ്ങള്‍ അനുസരിച്ച് മാത്രമെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂ. ദാസ്യപ്പണിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനെ ബാധിച്ചുവെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ചു. മാധ്യമ വാര്‍ത്തകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. പൊലീസുകാര്‍ക്കെതിരെ നിരന്തരം ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. ഡിജിപിയും എഡിജിപിമാരും റെയ്ഞ്ച് ഐജിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എഡിജിപി സുധേഷ് കുമാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ദാസ്യപ്പണി വിവാദത്തില്‍ സ്വീകരിച്ച നടപടികള്‍ ഡിജിപി മുഖ്യമന്ത്രിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാടുകള്‍ വിശദീകരിക്കാന്‍ കൂടിയാണ് യോഗം.