കുറഞ്ഞ പലിശയ്ക്ക് സാധാരണക്കാര്‍ക്ക് വായ്പ; മുറ്റത്തെ മുല്ല പദ്ധതിക്ക് തുടക്കം
വട്ടപ്പലിശക്കാര്‍ക്കും ബ്ലേഡ് മാഫിയക്കും സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും തടയിട്ട് മൈക്രോഫിനാന്‍സ് രംഗത്തേക്ക് സഹകരണ മേഖല നേരത്തെ കടന്നുവരണമായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍.
മൈക്രോഫിനാന്‍സ് രംഗത്തേക്ക് സഹകരണ മേഖല നേരത്തെ കടന്നുവരണമായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ സംഘവും കുടുംബശ്രീയും യോജിച്ച് നടപ്പാക്കുന്ന മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. കുറഞ്ഞ പലിശയ്ക്ക് സാധാരണക്കാര്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് മുറ്റത്തെ മുല്ല.
9 ശതമാനം നിരക്കില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ. 12 ശതമാനം പലിശ നിരക്കില്‍ കുടുംബശ്രീ യൂണിറ്റുകളിലൂടെ ആവശ്യക്കാര്‍ക്ക് 25000 രൂപ വരെ വായ്പ. അതും ലളിതമായ നടപടിക്രമങ്ങളിലൂടെ. മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി സംസ്ഥാനത്ത് പ്രാബല്യത്തില്‍. ലക്ഷ്യം വട്ടപ്പലിശക്കാര്‍ക്കും ബ്ലേഡ് മാഫിയക്കും സ്വകാര്യ കഴുത്തറുപ്പന്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും തടയിടല്‍.
1,000 മുതല്‍ 25,000 രൂപ വരെയാണ് വായ്പയായി നല്‍കുക. 52 തവണകളായി ആഴ്ചതോറും ലഘുവായ തിരിച്ചടവിലൂടെ വായ്പാ തുക അടച്ചുതീര്‍ക്കണം. തിരിച്ചടവ് ശേഷി പരിശോധിച്ച് അതിനനുസരിച്ചാവും വായ്പാ വിതരണം. ആദ്യ കുടുംബശ്രീ കാഷ് ക്രെഡിറ്റും ആദ്യ വ്യക്തിഗത വായ്പയും എംബി രാജേഷ് എംപി വിതരണം ചെയ്തു.