മത്സ്യങ്ങളിലെ ഫോര്‍മാലിന്‍; ലക്ഷ്യം വെക്കുന്നത് കൊള്ളലാഭം

കൃത്യമായ പരിശോധന സംവിധാനങ്ങളില്ലാത്തതാണ് ഇത്തരം മത്സ്യത്തിന്റെ വരവ് തടയാന്‍ കഴിയാത്തതിന്റെ പ്രധാനകാരണം.

Update: 2018-07-01 01:56 GMT
Advertising

കേരളത്തിലെ മത്സ്യവിപണിയില്‍ നിന്ന് ലഭിക്കുന്ന ഭീമമായ വരുമാനമാണ് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കേരളത്തിലേക്ക് ഒഴുകാന്‍ പ്രധാനകാരണം. ട്രോളിങ് നിരോധന സമയത്താണ് മത്സ്യം ഏറ്റവും കൂടുതല്‍ എത്തുന്നതെങ്കിലും മറ്റ് സമയങ്ങളിലും ഇത്തരം മത്സ്യം വിപണിയിലെത്തുന്നുണ്ട്. കൃത്യമായ പരിശോധന സംവിധാനങ്ങളില്ലാത്തതാണ് ഇത്തരം മത്സ്യത്തിന്റെ വരവ് തടയാന്‍ കഴിയാത്തതിന്റെ പ്രധാനകാരണം.

രാസപരിശോധനയില്ലാതെ മത്സ്യത്തിന്റെ പഴക്കം തിരിച്ചറിയാന്‍ കഴിയാത്തതും ഫ്രഷ് മത്സ്യം എന്ന രീതിയില്‍ വിപണിയിലെത്തിക്കാന്‍ കഴിയും എന്നതുമാണ് ഫോര്‍മാലിന്‍ തളിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. ട്രോളിങ് നിരോധന കാലത്താണ് ഏറ്റവും കൂടുതല്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കേരളത്തിലേക്ക് എത്തുന്നത്. ഇക്കാലയളവില്‍ കേരളത്തിലെ മത്സ്യ വിപണിയുടെ ഭൂരിഭാഗവും കൈയ്യടക്കുന്നത് ഇത്തരം മത്സ്യമാണ്.

ട്രോളിങ് നിരോധന സമയത്ത് മത്സ്യങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിന്റെ വരവ് വര്‍ധിപ്പിക്കുന്നു. മറ്റ് സമയങ്ങളില്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ മത്സ്യം വിതരണം ചെയ്തും ഇതരസംസ്ഥാനത്തുള്ള വ്യാപാരികള്‍ കേരളത്തിലെ മത്സ്യ വിപണിയില്‍ സജീവമാണ്. മത്സ്യം കടന്ന് വരുന്ന വഴിയിലും മാര്‍ക്കറ്റിലും കൃത്യമായ പരിശോധന സംവിധാനം ഇല്ലാത്തതിനാലാണ് ഇത്തരം മത്സ്യത്തിന്റെ വരവ് നിയന്ത്രിക്കാന്‍ കഴിയാത്തത്.

ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കുറവും ലാബ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ പോരായ്മയും പ്രധാനഘടകമാണ്. സാധാരണഗതിയില്‍ രണ്ട് ഘട്ടമായി ഐസ് ഉപയോഗിച്ച് ശീതീകരിച്ചാണ് മത്സ്യം വ്യാപാരികള്‍ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നത്. ഇതിന് കൂടുതല്‍ സമയവും അധ്വാനവും വേണ്ടി വരുന്നതും ഫോര്‍മാലിന്‍ തളിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നു.

Tags:    

Similar News