ദൈവത്തെ തേടേണ്ടത് ആരാധനാലയങ്ങളില്‍ മാത്രമല്ല: പി. മുജീബുറഹ്മാൻ
കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ സന്ദര്‍ശനത്തിനിടെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജമാഅത്തെ ഇസ്‍ലാമി കേരള അമീർ
കൊല്ലം: വഴിമുട്ടിയവർക്ക് ജീവിതം നൽകുന്നത് പുണ്യകർമമാണെന്നും അത് നിർവഹിക്കുന്നവർ സുകൃതവാന്മാരാണെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ സന്ദര്‍ശനത്തിനിടെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർക്കും ഒരു തണലുമേകാതെ സ്വന്തം ആത്മസുഖം മാത്രമനുഭവിക്കുന്നവർ ഭൂമിക്കൊരു ഭാരമായി ജീവിക്കുന്നു എന്നല്ലാതെ പ്രത്യേകിച്ചൊന്നും അവശേഷിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളിൽ മാത്രം ദൈവത്തെ തേടുകയാണ് മനുഷ്യൻ.
ജീവിതത്തിൽ തേടുമ്പോൾ തനിക്ക് ചുറ്റും ഈശ്വരനുണ്ടെന്നും അത് ദുരിതം പേറുന്ന മനുഷ്യർക്കിടയിലാണെന്നും തിരിച്ചറിയും. ആ അർഥത്തിൽ ഈശ്വര സാന്നിധ്യമുള്ള സ്ഥലമാണ് ഗാന്ധിഭവൻ. സിദ്ധാന്തങ്ങൾക്കപ്പുറം നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ഗാന്ധിഭവന്റെ അണിയറ ശിൽപികൾ. ഇത് അങ്ങേയറ്റം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്നും അമീർ പറഞ്ഞു.
ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹിദ് നദ്‍വി, സെക്രട്ടറി അൻവർ ഇസ്‌ലാം, പത്തനാപുരം ഏരിയാ പ്രസിഡന്റ് പി.എച്ച് മുഹമ്മദ്, അഷ്‌റഫ് ബിൻ മിർസാ, പി.എച്ച് ഷാഹുൽ ഹമീദ് പങ്കെടുത്തു.