വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ദേശീയ വനിതാ കമ്മീഷന്‍ പരാതിക്കാരിയില്‍ നിന്ന് നേരിട്ട് തെളിവെടുക്കും

കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ സംഘം നാളെ തിരുവല്ലയില്‍ എത്തും

Update: 2018-07-06 08:32 GMT
Advertising

ഓര്‍ത്തഡോക്സ് സഭ വൈദികര്‍ പ്രതികളായ പീഡനക്കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ പരാതിക്കാരിയില്‍ നിന്ന് നേരിട്ട് തെളിവെടുക്കും. കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ സംഘം നാളെ തിരുവല്ലയില്‍ എത്തും. അതേസമയം തെളിവുകള്‍ക്കായി അന്വേഷണ സംഘം ഇന്ന് വീണ്ടും കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തി.

Full View

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ദേശീയ വനിത കമ്മീഷന്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് തെളിവെടുപ്പിനായി കമ്മീഷന്‍ നേരിട്ടെത്തുന്നത്. കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയും കൌണ്‍സില്‍ അംഗം അഡ്വ കൃഷ്ണദാസും അടങ്ങുന്ന സംഘം നാളെ വീട്ടമ്മയെ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തും. അതിനിടെ വീട്ടമ്മ വൈദികനൊപ്പം മുറിയെടുത്ത കൊച്ചിയിലെ ഹോട്ടലില്‍ അന്വേഷണ സംഘം ഇന്ന് വീണ്ടും പരിശോധന നടത്തി. സിസി ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ളവ ശേഖരിക്കലാണ് ലക്ഷ്യം. പ്രതികളായ നാല് വൈദികരും ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. അതേസമയം ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതിനാല്‍ അതില്‍ തീര്‍പ്പുണ്ടാകുന്നത് വരെ കാക്കാനാണ് നിലവിലെ തീരുമാനം.

Tags:    

Similar News