കെപിസിസിയുടെ രാമായണ മാസാചരണ പരിപാടി ഉപേക്ഷിച്ചു
വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിപാടി ഉപേക്ഷിക്കുകയാണെന്ന് ചെയര്‍മാന്‍ നെടുമുടി ഹരികുമാര്‍ അറിയിച്ചു. കര്‍ക്കിടകം ഒന്നിന് തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനില്‍ രാമായണ പാരായണം ആരംഭിക്കാനായിരുന്നു
കെപിസിസി വിചാര്‍ വിഭാഗ് നടത്താനിരുന്ന രാമായണ മാസാചരണ പരിപാടി ഉപേക്ഷിച്ചു. പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. വിഎം സുധീരന്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ ഒരു വിഭാഗം രാമായണ മാസാചരണത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.
രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ് എന്ന പേരിലാണ് കെപിസിസി വിചാര്‍ വിഭാഗ് രാമായണ മാസാചരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്കെതിരെ വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശമുന്നയിച്ചിരുന്നു. രാമായണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്.
ആത്മീയ ഗ്രന്ഥങ്ങളെയും ഇതിഹാസ കൃതികളെയും ആസ്പദമാക്കി മുമ്പും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വിചാര്‍വിഭാഗ് വ്യക്തമാക്കി. എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിപാടി ഉപേക്ഷിക്കുകയാണെന്ന് ചെയര്‍മാന്‍ നെടുമുടി ഹരികുമാര്‍ അറിയിച്ചു. കര്‍ക്കിടകം ഒന്നിന് തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനില്‍ രാമായണ പാരായണം ആരംഭിക്കാനായിരുന്നു തീരുമാനം.