4000 കോടിയുടെ ഫണ്ട് ചെലവഴിച്ചില്ല; ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം
വീഴ്ചകള്‍ തിരുത്താന്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഫണ്ട് ചെലവഴിക്കാത്ത അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് വകുപ്പ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ജനകീയാസൂത്രണ പദ്ധതികളുടെ ഉത്തര മേഖലാ അവലോകന യോഗത്തില്‍, ഏറ്റവും കുറവ് ഫണ്ട് ചെലവഴിച്ച ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. വീഴ്ചകള്‍ തിരുത്താന്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
ജനകീയാസൂത്രണ പദ്ധതികള്‍ക്കുള്ള ഫണ്ടില്‍ 4000 കോടി രൂപ ചെലവഴിക്കാത്തതായി ബാക്കി ഉണ്ട് എന്ന് വെളിപ്പെടുത്തിയ മന്ത്രി, ഏറ്റവും കുറവ് ഫണ്ട് ചെലവഴിച്ച ഉദ്യോഗസ്ഥരെ മുന്നിലേക്ക് വിളിച്ചു വരുത്തി വിമര്‍ശിച്ചു. കാര്യകാരണങ്ങളെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ മന്ത്രി, മേലില്‍ പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും നല്‍കിയാണ് ഓരോരുത്തരേയും പറഞ്ഞയച്ചത്.
ജനകീയാസൂത്രണ പദ്ധതികളുടേയും എഞ്ചിനീയര്‍മാരുടേയും പ്രവര്‍ത്തനം വിലയിരുത്താനുദ്ദേശിച്ച് നടത്തിയ അവലോകന യോഗം സംസ്ഥാന ചരിത്രത്തില്‍ ആദ്യത്തേതാണെന്ന് പറഞ്ഞ മന്ത്രി യോഗം തുടരാനാണ് തീരുമാനമെന്നും വെളിപ്പെടുത്തി. യോഗത്തില്‍ വൈകിയെത്തിയ ഉദ്യോഗസ്ഥരേയും രൂക്ഷമായ ഭാഷയില്‍ മന്ത്രി വിമര്‍ശിച്ചു.
കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന യോഗത്തില്‍, ഏറ്റവും ഏറ്റവും കൂടുതല്‍ ഫണ്ട് ചിലവഴിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള സമ്മാന വിതരണവും മന്ത്രി നിര്‍വഹിച്ചു.