കരിപ്പൂരിന്‍റെ ചിറകൊടിച്ചതാര്?
റണ്‍വേ നവീകരണം ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയായിട്ടും കേവലം സാങ്കേതികത്വം പറഞ്ഞാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താതിരിക്കുന്നത്.
റണ്‍വേ നവീകരണം ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയായിട്ടും കേവലം സാങ്കേതികത്വം പറഞ്ഞാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താതിരിക്കുന്നത്. വിവിധ ഏജന്‍സികളുടെ പരിശോധനകള്‍ അനിശ്ചിതമായി നീണ്ടപ്പോള്‍ മലബാറിന്റെ ജീവന്‍ പേറുന്ന ഈ വിമാനത്താവളത്തിന്‍റെ ചിറകൊടിഞ്ഞു.
2017 ജനുവരിയോടെ കരിപ്പൂരിലെ റണ്‍വേ നവീകരണ ജോലികള്‍ പൂര്‍ത്തിയായി. ഏപ്രില്‍ മാസത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഉന്നതതല സംഘം പരിശോധനക്കെത്തിയത്. കോഡ് ഇ ഗണത്തില്‍ പെട്ട വിമാന സര്‍വീസുകള്‍ക്കായി സാധ്യതാ പഠനം നടത്താമെന്ന നിര്‍ദേശമെത്താന്‍ വീണ്ടും നാല് മാസമെടുത്തു. സാധ്യതാ പഠനം നടത്തിയ എയര്‍പോര്‍ട് അതോറിറ്റി വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താമെന്ന റിപ്പോര്‍ട്ട് നല്‍കി.
സര്‍വീസിന് താല്‍പര്യമറിയിച്ച സൌദി എയര്‍ലൈന്‍സ്, സുരക്ഷാ പരിശോധന നടത്തിയ റിപ്പോര്‍ട്ടും കഴിഞ്ഞ ഏപ്രിലില്‍ എയര്‍പോര്‍ട് അതോറിറ്റിക്ക് നല്‍കി. ഈ റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറാതെ നാല് മാസം എയര്‍പോര്‍ട് അതോറിറ്റി പിടിച്ചുവെച്ചു. ശക്തമായ ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജൂലായ് നാലിന് ഈ റിപോര്‍ട് ഡി.ജി.സി.എക്ക് കൈമാറിയത്. അപ്പോഴേക്കും ഒന്നരവര്‍ഷം കഴിഞ്ഞു.
ഡി.ജി.സി.എയുടെ അനുമതി ലഭിച്ചാല്‍ മൂന്ന് മാസത്തിനകം കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കാനാകും. വലിയ തിരക്കുണ്ടായിരുന്ന കരിപ്പൂരിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ ഇപ്പോള്‍ ആളനക്കമില്ല. മൂന്ന് വര്‍ഷമായി ഇത് തന്നെയാണ് സ്ഥിതി. വലിയ വിമാനങ്ങളുടെ സര്‍വീസിന് ഡി.ജി.സി.എയുടെ അനുമതി ലഭിച്ചാല്‍ കരിപ്പൂരിന് ചിറക് മുളയ്ക്കും.