അഭിമന്യു വധം ആസൂത്രണം ചെയ്തതിൽ റിഫയ്ക്ക് പങ്കെന്ന് പൊലീസ് റിപ്പോർട്ട്
റിഫ കേസിൽ 26ആം പ്രതിയാണ്. കൃത്യത്തിൽ പങ്കെടുത്ത 9 പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.
അഭിമന്യു വധം ആസൂത്രണം ചെയ്തതിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയ്ക്ക് പങ്കെന്ന് പൊലീസ് റിപ്പോർട്ട്. റിഫ ഗൂഢാലോചനയിൽ പങ്കെടുത്തു. എന്നാൽ അഭിമന്യുവിനെ കൊലപ്പെടുത്തിയതാരെന്ന് ഇനിയും തെളിഞ്ഞിട്ടില്ല. ഇതുവരെ 17 പ്രതികളെ പിടികൂടിയെന്നും പൊലീസ്. റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
ഗൂഢാലോചനയിൽ പങ്കെടുത്ത റിഫ കൃത്യം നിർവഹിച്ച മറ്റ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. റിഫ കേസിൽ 26ആം പ്രതിയാണ്. കൃത്യത്തിൽ പങ്കെടുത്ത 9 പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.
നിലവിൽ പ്രതിപ്പട്ടികയിൽ 26 പേരാണുള്ളത്. ഇതിൽ 17 പ്രതികളെയാണ് പിടികൂടിയത്. പിടിയിലായ 6 പേർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ശേഷിക്കുന്നവർ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ്. 6ആം പ്രതി സനീഷ് കത്തി കൈയ്യിൽ കരുതിയിരുന്നതായി പൊലീസ് പറയുന്നുണ്ടങ്കിലും അഭിമന്യുവിനെയും അർജ്ജുനയും കുത്തിയതാരാണെന്ന കാര്യത്തിൽ പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല. പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുണ്ടെന്നും മുഹമ്മദ് റിഫയുടെ റിമാൻറ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു.