ജാഗ്രത വേണം; പക്ഷേ, ഭീതിയുടെ ആവശ്യമില്ല

ഡാം തുറക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് എറണാകുളം ജില്ല ഭരണകൂടം. ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Update: 2018-07-31 03:33 GMT
Advertising

ഇടുക്കി ഡാം തുറക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് എറണാകുളം ജില്ല ഭരണകൂടം. ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ആളുകള്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ല കളക്ടര്‍ അടക്കമുള്ളവര്‍ പറയുന്നത്. ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും പൊലീസും തീരുമാനിച്ചിട്ടുണ്ട്.

ജാഗ്രത വേണം, പക്ഷേ ഭീതിയുടെ ആവശ്യമില്ല. എറണാകുളം ജില്ല ഭരണകൂടത്തിന്റെ നിലപാട് ഇതാണ്. ഇടുക്കി ഡാം തുറന്നാല്‍ ജില്ലയില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക ആലുവ താലൂക്കിനെ ആയിരിക്കും. അടിയന്തര സാഹചര്യം എന്തെങ്കിലും ഉണ്ടായാല്‍ നേരിടാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ഇന്നലെ ജില്ല കളക്ടറും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. ഡാം തുറന്ന് വെള്ളപ്പൊക്കമുണ്ടായാല്‍ ആവശ്യമെങ്കില്‍ നേവിയുടെ സഹായം ലഭ്യമാക്കും. പെരിയാറിന്റെ കരകളിലുള്ള 51 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകള്‍ അടക്കമുള്ളവ സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കി.

Full View

നിലവില്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇടമലയാര്‍ ഡാം തുറക്കില്ലെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. ചെറുതോണി ഡാം തുറന്നാല്‍ പെരിയാറില്‍ ചേര്‍ന്ന് തട്ടേക്കണ്ണി, ഇഞ്ചത്തൊട്ടി, തട്ടേക്കാട്, ഭൂതത്താന്‍കെട്ട്, പാണംകുഴി, മലയാറ്റുര്‍, കോടനാട്, കാലടി, ചേലാമറ്റം വഴിയാണ് വെള്ളം ആലുവയിലെത്തുക. ആലുവയിലെ 4500 കുടുംബങ്ങളെ നേരിട്ട് വെള്ളപ്പൊക്കം ബാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഭീതി പരത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനും നിര്‍ദ്ദേശമുണ്ട്.

Tags:    

Similar News