എസ്.എസ്.എല്‍.സി പരീക്ഷ നീട്ടാന്‍ ശിപാര്‍ശ

നിപ രോഗവും മഴയും കാരണം അധ്യയനം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷ നീട്ടുന്നത്

Update: 2018-08-02 16:28 GMT
Advertising

എസ്.എസ്.എല്‍.സി പരീക്ഷ ഒരാഴ്ചത്തേക്ക് നീട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. മാര്‍ച്ച് 13 മുതൽ 27 വരെ നടത്താനാണ് ശിപാർശ. നിപ രോഗവും മഴയും കാരണം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷ നീട്ടുന്നത്. ഓണപ്പരീക്ഷ ഓഗസ്റ്റ് 31ന് തുടങ്ങും.

മഴയും നിപ രോഗ ഭീതിയും കാരണം പല ജില്ലകളിലും അധ്യയനം മുടങ്ങി. ഇതോടെ 200 അധ്യയന ദിവസം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് അധ്യാപക സംഘടനകൾ ഉൾപ്പെടുന്ന ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം മോണിട്ടറിംഗ് കമ്മിറ്റിയുടെ യോഗം പൊതു വിദ്യാഭ്യാസ വകുപ്പ് വിളിച്ചത്. ഈ യോഗത്തിലാണ് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷ നീട്ടാൻ സർക്കാരിനോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചത്.

Full View

യോഗ തീരുമാന പ്രകാരം ആദ്യ പാദ പരീക്ഷ ആഗസ്റ്റ് 31ന് നടത്തും. ഇത് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒരു പോലെയാകും നടത്തുക. നഷ്ടപ്പെട്ട അധ്യയനത്തിന് പകരം ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തും. ഇക്കാര്യത്തിൽ അതാത് ജില്ലകളിൽ തീരുമാനമെടുക്കും. ഇതുവഴി 200 അധ്യയന ദിവസം എന്നത് പൂർത്തീകരിക്കാനാണ് ശ്രമം.

ഇനി മുതൽ അധ്യയന ദിവസം സ്കൂളുകളിൽ പാഠ്യേതര വിഷയങ്ങളിൽ പരിപാടി സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വാങ്ങണം. വിദ്യാർഥികളുടെ മതേതര സ്വഭാവം ഹനിക്കുന്ന ഒരു പരിപാടിയും സ്കൂളുകളിൽ നടത്താൻ പാടില്ലെന്നും ഡിപിഐ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു. തൃശൂരിൽ പാദപൂജ നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

Tags:    

Similar News