പ്രളയക്കെടുതിയില്‍ കെഎസ്ഇബിക്ക് നഷ്ടം 350 കോടി രൂപ
വരുമാന നഷ്ടം 470 കോടി രൂപയെന്നും പ്രാഥമിക വിലയിരുത്തല്‍.
പ്രളയക്കെടുതിയില്‍ കെഎസ്ഇബിക്ക് 350 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. ഇതിനുപുറമെ 470 കോടി രൂപയുടെ വരുമാനനഷ്ടവും കെഎസ്ഇബിക്കുണ്ടായി. വൈദ്യതി വിതരണം പുനഃസ്ഥാപിക്കാന്‍ മിഷന്‍ റീകണക്ട് എന്ന പേരില്‍ ടാസ്ക് ഫോഴ്സിന് കെഎസ്ഇബി രൂപം നല്‍കി.
സംസ്ഥാനത്തുണ്ടായ പ്രളയം കെഎസ്ഇബിക്ക് വലിയ നഷ്ടമാണ് വരുത്തിയത്. വൈദ്യുതി ലൈനുകളും പോസ്റ്റുകളും ട്രാന്‍സ്ഫോര്‍മറുകളും തകര്‍ന്നതിന് പുറമെ പല നിലയങ്ങളും പൂര്‍ണമായി തന്നെ വെള്ളത്തില്‍ മുങ്ങിയിരുന്നു. വൈദ്യുതി സാമഗ്രികളുടെ നഷ്ടം 350 കോടി രൂപ വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. വൈദ്യുതി ഉപഭോഗത്തിലെ കുറവിലൂടെയുണ്ടായ 470 കോടി രൂപയുടെ വരുമാന നഷ്ടം ഇതിന് പുറമെയാണ്.
65 ദശലക്ഷം യൂനിറ്റ് ഉപയോഗിക്കുമായിരുന്നിടത്ത് 35 മുതല്‍ 40 ലക്ഷം യൂനിറ്റ് വരെയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉപയോഗിക്കുന്നത്. 28 സബ്സ്റ്റേഷനുകളും 5 ഉല്‍പ്പാദന നിലയങ്ങളും നിര്‍ത്തിവെക്കേണ്ടിവന്നു. 5 ചെറുകിട നിലയങ്ങള്‍ പ്രളയത്തില്‍ തകര്‍ന്നു. വെള്ളത്തില്‍ മുങ്ങിയതില്‍ 4500 ട്രാന്‍സ്ഫോര്‍മറുകള്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കി. ഇപ്പോഴും 1200ഓളം ട്രാന്‍സഫോര്‍മറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.
മിഷന്‍ റീകണക്ട് ടാസ്ക് ഫോഴ്സിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മേല്‍നോട്ട വിഭാഗവും രൂപീകരിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെയും കരാറുകാരുടെയും സേവനം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ഉപയോഗിക്കും. കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ ഒരു ലൈറ്റ് പോയിന്റും പ്ലഗ് പോയിന്റും താല്‍ക്കാലികമായി നല്‍കും. കൂടാതെ സെക്ഷന്‍ ഓഫീസുകള്‍, റിലീഫ് ക്യാമ്പുകള്‍ എന്നിവിടങ്ങില്‍ മൊബൈല്‍ ചാര്‍ജിംഗിന് സൌജന്യ പോയിന്‍റുകളും അനുവദിക്കുമെന്നും കെഎസ് ഇബി അറിയിച്ചു.