കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശവുമായി ബിജെപി മുഖപത്രം ജന്മഭൂമി

മിടുക്ക് കാട്ടാനായിരിക്കാം കണ്ണന്താനത്തിന്റെ പ്രതികരണം. എന്നാല്‍ അതിമിടുക്ക് അലോസരമാകുമെന്നും ജന്മഭൂമി വിമര്‍ശിച്ചു. ക്യാമ്പില്‍ ഉറങ്ങിയ കണ്ണന്താനത്തിന്റെ നടപടിയെയും മുഖപത്രം കുറ്റപ്പെടുത്തി.

Update: 2018-08-27 11:04 GMT
Advertising

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി മുഖപത്രം ജന്മഭൂമി. പ്രളയക്കെടുതിയിലെ യുഎഇ സഹായവാഗ്ദാനത്തില്‍ കണ്ണന്താനം മിടുക്ക് കാണിക്കാനാണ് ശ്രമിച്ചതെന്ന് ജന്മഭൂമി മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. അതിമിടുക്ക് അലോസരമാകുമെന്ന് ചൂണ്ടിക്കാട്ടിയ ജന്മഭൂമി കണ്ണന്താനം മിതത്വം പാലിക്കണമായിരുന്നുവെന്നും വിമര്‍ശിച്ചു.

യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ ലഭ്യമാക്കാന്‍ വേണ്ടി മറ്റ് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും, ആ പണം കേരളത്തിന് ലഭിക്കണമെന്നുമായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പ്രതികരണം. കണ്ണന്താനത്തിന്‍റെ ഈ നിലപാടിനെതിരെയാണ് ജന്മഭൂമി രംഗത്ത് വന്നിരിക്കുന്നത്.

പ്രളയക്കെടുതിയിലെ യുഎഇ സഹായവാഗ്ദാനത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റേത് വകതിരിവില്ലാത്ത പ്രതികരണമായിരുന്നുവെന്നാണ് ജന്മഭൂമിയുടെ വിമര്‍ശനം. ദുരന്തമുഖത്തും പ്രതിയോഗികള്‍ ബിജെപിയെ രാഷ്ട്രീയമായി നേരിട്ടു. അവരില്‍ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ കേന്ദ്രമന്ത്രി പ്രതികരിക്കുമ്പോള്‍ വകതിരിവ് വേണ്ടേയെന്ന് ബിജെപി മുഖപത്രം ചോദിക്കുന്നു.

മിടുക്ക് കാട്ടാനായിരിക്കാം കണ്ണന്താനത്തിന്റെ പ്രതികരണം. എന്നാല്‍ അതിമിടുക്ക് അലോസരമാകുമെന്നും ജന്മഭൂമി വിമര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങിയ കണ്ണന്താനത്തിന്റെ നടപടിയെയും മുഖപത്രം കുറ്റപ്പെടുത്തി. ക്യാമ്പില്‍ ഉറങ്ങിയതിന് കണ്ണന്താനത്തിന് ആരുടെയും കയ്യടി കിട്ടിയില്ല. സമൂഹമാധ്യമങ്ങളില്‍ നിന്ന് കല്ലേറ് മാത്രമാണ് കിട്ടിയതെന്നും ജന്മഭൂമി കുറ്റപ്പെടുത്തുന്നു. കണ്ണന്താനത്തിനെതിരായ ബിജെപി മുഖപത്രത്തിലെ വിമര്‍ശനത്തിന് മുതിര്‍ന്ന നേതാക്കളുടെ മൌനാനുവാദമുണ്ടെന്ന സൂചനയുണ്ട്.

യുഎഇ സഹായവാഗ്ദാന വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തെയും മുഖപ്രസംഗം രൂക്ഷമായി വിമര്‍ശിക്കുന്നു.

Full View
Tags:    

Similar News