പ്രളയബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍: അപേക്ഷകരേക്കാള്‍ കൂടുതല്‍ സ്പോണ്‍സര്‍മാര്‍
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാനുള്ള സ്‌നേഹപൂര്‍വ്വം കോഴിക്കോട് പദ്ധതിക്ക് മികച്ച പ്രതികരണം. 200 ലധികം പേര്‍ കുടുംബങ്ങളെ ഏറ്റെടുക്കാന്‍ തയാറായി രംഗത്ത് വന്നു.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാനുള്ള സ്‌നേഹപൂര്‍വ്വം കോഴിക്കോട് പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതി പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴേക്കും 200 ലധികം പേര്‍ കുടുംബങ്ങളെ ഏറ്റെടുക്കാന്‍ തയാറായി രംഗത്ത് വന്നു. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രളയകാലത്തിനു ശേഷമുള്ള ദുരിതബാധിതരുടെ പുനരധിവാസത്തിനായാണ് ജില്ലാ ഭരണകൂടം സ്‌നേഹപൂര്‍വ്വം കോഴിക്കോട് എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവരെ സഹായിക്കാനായി പതിനായിരം രൂപയോ അതിലധികമോ പദ്ധതിയിലേക്ക് സംഭാവന ചെയ്യാം. കസേര, കിടക്ക, മേശ, അടുക്കള പാത്രങ്ങള്‍, പ്ലേറ്റ്, ഗ്ലാസ്, പുതപ്പ്, എല്‍ഇഡി ബള്‍ബുകള്‍ തുടങ്ങി ഒരു വീട്ടില്‍ സാധാരണ ജീവിതം നയിക്കാന്‍ ആവശ്യമായതെല്ലാം ഒരു കുടുംബത്തിന് ഒരു സ്‌പോണ്‍സര്‍ നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. പദ്ധതിയിലൂടെ വീട്ടുഉപകരണങ്ങള്‍ ആവശ്യമുള്ളതായി ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തവരെക്കാള്‍ കൂടുതല്‍ പേര്‍ സ്‌പോണ്‍സര്‍മാരായി രംഗത്ത് എത്തി.
കണ്ണാടിക്കലില്‍ നിന്നുള്ള 10 കുടുംബങ്ങള്‍ക്ക് വീട്ടുപകരണങ്ങള്‍ വിതരണം ചെയ്തു കൊണ്ട് പദ്ധതിക്ക് തുടക്കവുമായി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററിലാണ് സ്‌പോണ്‍സര്‍മാര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്.