പി.എസ്.സി വഴിയുള്ള ജീവനക്കാരുടെ ആവശ്യമില്ലെന്ന കെ.എസ്.ആര്‍.ടി.സി നിലപാട് ശരിവെച്ച് ഹൈക്കോടതി
പകരം പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ മറ്റ് വകുപ്പുകളില്‍ നിയമിക്കാം. എന്നാൽ ഭാവിയിൽ കെ.എസ്.ആര്‍.ടി.സിയില്‍ ഒഴിവുണ്ടാകുമ്പോള്‍ താല്‍ക്കാലിക നിയമനം പാടില്ലെന്നും കോടതി
ജീവനക്കാരുടെ നിയമന കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ്. പി.എസ്.സി നിര്‍ദേശിച്ച 209 ക്ലര്‍ക്കുമാരെ നിയമിക്കാന്‍ കഴിയില്ലെന്ന കെ.എസ്.ആര്‍.ടി.സി നിലപാട് ഹൈക്കോടതി ശരിവെച്ചു.
കെ.എസ്.ആര്‍.ടി.സി യിലെ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ്. റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി സമർപ്പിച്ച അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്. നിലവിൽ ഈ തസ്തികയിൽ ജീവനക്കാരെ ആവശ്യമില്ലെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വാദം. വേണ്ടാത്ത ജീവനക്കാരെ നിര്‍ബന്ധിച്ച് നിയമിക്കേണ്ടതില്ലെന്ന കോടതി വ്യക്തമാക്കി.
പകരം റാങ്ക് ലിസ്റ്റിലുള്ളവരെ മറ്റ് വകുപ്പുകളില്‍ നിയമിക്കാമെന്നും കോടതി നിർദേശം നൽകി. എന്നാൽ ഭാവിയിൽ ഒഴിവുണ്ടാകുമ്പോള്‍ താല്‍ക്കാലിക നിയമനം പാടില്ലെന്ന് കെ.എസ്.ആര്‍.ടി.സിക്കും കോടതി നിർദേശം നൽകി.