ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ കന്യാസ്ത്രീകളും
ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ സര്‍ക്കാരിലും സഭയിലും വിശ്വാസമില്ലെന്ന് കന്യാസ്ത്രീകള്‍. കൊച്ചിയില്‍ കുറുവിലങ്ങാട് മഠത്തിലെ 5 കന്യാസ്ത്രീകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധം. പരാതിക്കാരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്തീകളും ധര്‍ണയില്‍ പങ്കെടുത്തു. സഭയും സര്‍ക്കാറും തങ്ങളെ കൈവിട്ടെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. പീഡനത്തിനിരയായ കന്യാസ്തീ നാളെ കുറവിലങ്ങാട് മഠത്തില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
എറണാകുളം ഹൈക്കോടതി ജംഗ്ഷനിലായിരുന്നു ധര്‍ണ. സഭയും സര്‍ക്കാരും സംരക്ഷിക്കാത്തതിനാലാണ് തെരുവില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്ന് കന്യാസ്തീകള്‍ പറഞ്ഞു. തെളിവുകള്‍ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബിഷപ്പിന്റെ ആളുകള്‍ സമരം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പാസ്പോര്‍ട്ട് പിടിച്ചെടുത്തില്ലെങ്കില്‍ ബിഷപ്പ് രാജ്യം വിടുമെന്ന് ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.