എലിപ്പനി: ഇന്ന് നാല് മരണം
വടക്കേക്കര സ്വദേശി ദേവസ്വി(63), കണ്ണൂര്‍ ചേലോറ സ്വദേശി നൗഷാദ്(54), കാസര്‍കോട് പുത്തിഗെ സ്വദേശി അബ്ദുല്‍ അസീസ്(35) എന്നിവരാണ് മരിച്ചത്
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് നാല് മരണം. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 20 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു.
നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുകയാണ്. ഇന്ന് നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം വടക്കേക്കര സ്വദേശി ദേവസ്വി(63), കണ്ണൂര്‍ ചേലോറ സ്വദേശി നൗഷാദ്(54), കാസര്‍കോട് പുത്തിഗെ സ്വദേശി അബ്ദുല്‍ അസീസ്(35) എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശിയായ ഷണ്‍മുഖന്‍(65) എലിപ്പനി ലക്ഷണങ്ങളോടെയും മരിച്ചു.
ഇതോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ ഇതുവരെ 20 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എലിപ്പനി സംശയിക്കുന്ന 63 മരണങ്ങളുമുണ്ടായി. ഇന്ന് ചികിത്സ തേടിയ 68 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 94 പേര്‍ ലക്ഷണങ്ങളോടെയും ചികിത്സയിലുണ്ട്. എലിപ്പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങളോടെയെത്തുന്നവര്‍ക്കും എലിപ്പനിയുടെ ചികിത്സ നല്‍കാനാണ് നിര്‍ദേശം.
കൂടുതല്‍ താത്കാലിക ആശുപത്രികള്‍ തുറക്കുകയും ചെയ്തിരുന്നു. മൂന്നാഴ്ച കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.