ബിഷപ്പ് ഫ്രാങ്കോ ജയിലില്‍; ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡില്‍

ഒക്ടോബര്‍ ആറ് വരെയാണ് റിമാന്‍റ് ചെയ്തത്,കസ്റ്റഡിയിലുള്ളപ്പോള്‍ ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ പിടിച്ചുവാങ്ങിയെന്ന് ബിഷപ്പ് കോടതിയില്‍ പറഞ്ഞു

Update: 2018-09-24 13:21 GMT
Advertising

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജയിലില്‍. കസ്റ്റഡി കാലവധി കഴിഞ്ഞതിനെ തുടര്‍ന്ന് പാലാ മജിസ്ട്രേറ്റ് കോടതി ബിഷപ്പിനെ ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു. ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റി. ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പിനും വൈദ്യ പരിശോധനയ്ക്കും വേണ്ടിയാണ് പൊലീസ് ഫ്രാങ്കോ മുളക്കലിനെ കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതോടെയാണ് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡി കാലവധി നീട്ടേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചതോടെ അടുത്ത മാസം ആറാം തിയതി വരെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കസ്റ്റഡിയില്‍ വെച്ച് ബലമായി വസ്ത്രങ്ങള്‍ പിടിച്ച് വാങ്ങിയെന്ന പരാതി ഫ്രാങ്കോ മുളക്കല്‍ ഇന്ന് കോടതിയില്‍ ഉന്നയിച്ചു.

Full View

ഈ പരാതി കോടതി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് രണ്ട് മണിയോടെ പാല താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് പാലാ സബ് ജയിലിലേക്ക് ഫ്രാങ്കോ മുളക്കലിനെ കൊണ്ടുവന്നത്. തടിച്ച് കൂടിയ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തിയാണ് ഫ്രാങ്കോ മുളക്കലിനെ ജയിലിനുള്ളിലേക്ക് കൊണ്ടുപോയത്. ഇതേസമയം, ഹൈക്കോടതിയില്‍ ജാമ്യ ഹരജി പ്രതിഭാഗം നല്‍കിയെങ്കിലും കോടതി ഇത് വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി.

Tags:    

Similar News