നവംബര്‍ ആദ്യത്തോടെ ശബരിമല തീര്‍ഥാടനത്തിന് സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി
പമ്പയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല. വ്യാപാരസമുച്ചയങ്ങളുള്‍പ്പെടെ പമ്പ തീരത്തുണ്ടായിരുന്നവ നിലയ്ക്കലേക്ക് മാറ്റാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു
നവംബര്‍ ആദ്യത്തോടെ ശബരിമല തീര്‍ഥാടനത്തിന് സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പമ്പയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല. വ്യാപാരസമുച്ചയങ്ങളുള്‍പ്പെടെ പമ്പ തീരത്തുണ്ടായിരുന്നവ നിലയ്ക്കലേക്ക് മാറ്റാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്രളയം മൂലം തകര്‍ന്ന പമ്പാ മണപ്പുറത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ തീര്‍ത്ഥാടന കാലം തുടങ്ങും മുന്‍പ് തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സ്നാനഘട്ടങ്ങളും താല്‍ക്കാലിക നടപ്പന്തലും സമയബന്ധിതമായി സജ്ജീകരിക്കണം. മൂന്ന് കോടി രൂപ ചെലവില്‍ പ്രീ - ഫാബ് സ്ട്രക്ചറിലുള്ള നടപ്പന്തലാണ് നിര്‍മ്മിക്കുക. നിലയ്ക്കല്‍ ബേസ് ക്യാമ്പായി മാറ്റുന്നതിനാല്‍ പമ്പാ തീരത്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല. ത്രിവേണിയിലെ പാലം സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍. തീര്‍ഥാടനത്തിന് മുന്‍പായി ഒരിക്കല്‍ കൂടി വിദഗ്ധ സംഘം പരിശോധന നടത്തും. ജനുവരിയില്‍ തീര്‍ത്ഥാടന കാലം സമാപിക്കുന്നതോടെ കൂടുതല്‍ ഉയരത്തിലുള്ള പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. നിലയ്ക്കലില്‍ നിലവില്‍ രണ്ടായിരം പേര്‍ക്കുള്ള വിശ്രമസങ്കേതത്തിനൊപ്പം രണ്ടായിരം പേര്‍ക്ക് കൂടിയുള്ള വിശ്രമകേന്ദ്രം നിര്‍മ്മിക്കും. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്ത് ആറായിരം പേര്‍ക്കുള്ള വിശ്രമസൗകര്യം കൂടി ഒരുക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കാനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.