റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കേരളത്തിലേക്ക്: വ്യാജവാര്‍ത്തയെന്ന് റെയില്‍വേ
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നുവെന്ന് റെയില്‍വെ സംരക്ഷണ സംരക്ഷണ സേനയ്ക്ക് പ്രത്യേക മുന്നറിയിപ്പ് ലഭിച്ചുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്കെത്തുന്നുവെന്ന രീതിയിലുള്ള അസാധാരണമായ മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ സംരക്ഷണ സേന. അവരെ ലക്ഷ്യം വെച്ച് പ്രത്യേക പരിശോധനകളും നടത്തുന്നില്ലെന്ന് റെയില്‍വെ സംരക്ഷണസേനയുടെ കമ്മീഷണര്‍ മനോജ് കുമാർ പാലക്കാട് പറഞ്ഞു.
ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നുവെന്ന് റെയില്‍വെ സംരക്ഷണ സംരക്ഷണ സേനയ്ക്ക് പ്രത്യേക മുന്നറിയിപ്പ് ലഭിച്ചുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അതിന്റെ അടിസ്ഥാനത്തില്‍ സാധാരണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഒരു പരിശോധനയും നടത്തുന്നില്ലെന്നും റെയില്‍വെ സംരക്ഷണ സേന പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണര്‍ മനോജ് കുമാർ പറഞ്ഞു.
ഷാലിമാര്‍ - തിരുവനന്തപുരം, സില്‍ച്ചര്‍ - തിരുവനന്തപുരം വണ്ടികളിലായി ഇവര്‍ കേരളത്തിലെത്തുമെന്നും വാര്‍ത്തകളിലുണ്ടായിരുന്നു. എന്നാല്‍ ഈ വണ്ടികളുടെ കേരളത്തിലെ ആദ്യത്തെ സ്റ്റേഷനായ പാലക്കാട് ജംഗ്ഷനില്‍ അത്തരത്തില്‍ അസാധാരണമായ ഒരു സംഘത്തെയും ഇതുവരെ കണ്ടിട്ടില്ലെന്നും റെയില്‍വെ സംരക്ഷണ സേന സ്ഥിരീകരിക്കുന്നു.