പിന്നോട്ടില്ല; ശബരിമലയിലെ പൊലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനത്തിന് കര്‍ശനമായ സുരക്ഷ ഒരുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനത്തിന് കര്‍ശനമായ സുരക്ഷ ഒരുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനായി എത്തിച്ചേരുന്ന എല്ലാവര്ക്കും ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്ന പോലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാണ്. ശബരിമല ക്ഷേത്ര ദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അതിനുള്ള സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ സുപ്രീംകോടതി വിധി അനുസരിച്ച് ദര്‍ശനത്തിന് എത്തുന്ന ചിലരെ ഒരുകൂട്ടം ആളുകള്‍ തടയുകയും നിയമം കൈയ്യിലെടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം ഘട്ടങ്ങളില്‍ അതിനെ മറികടന്ന് സ്ത്രീകളെ ക്ഷേത്രദര്‍ശനം സാധ്യമാക്കുന്നതിനും ശബരിമലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തനമാണ് പോലീസ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
എല്ലാ വിശ്വാസികള്‍ക്കും ഒരു പോലെ ദര്‍ശനം നടത്താന്‍ ആദ്യകാലം മുതല്‍ സ്വാതന്ത്ര്യമുള്ള ക്ഷേത്രമാണ് ശബരിമല. വാവരെയും ധര്‍മ്മശാസ്താവിനെയും ആരാധിക്കാന്‍ സൗകര്യമുള്ള ഇടം കൂടിയാണ് ഇത്. ജാതി-മത ഭേദമന്യേ പ്രവേശനം അനുവദിച്ചിടത്ത് മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കോടതി വിധിയുടെ ഭാഗമായി വന്നിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരെ സഹായിക്കുകയും കുഴപ്പമുണ്ടാക്കുന്നവരെ തടഞ്ഞും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനാണ് ഏത് വിശ്വാസിയും ആഗ്രഹിക്കുക. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ ഏറെ ബഹുമാനിക്കുന്നു. അതുകൊണ്ട് തന്നെ ശബരിമലയെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. അതിനാല്‍ എല്ലാ വിശ്വാസികള്‍ക്കും അയ്യപ്പദര്‍ശനം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ പരിശ്രമിക്കും. ഇക്കാര്യത്തില്‍ കോടതിവിധി വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാതെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ നടപടി വീണ്ടും സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനത്തിന് കര്‍ശനമായ...
Posted by Pinarayi Vijayan on Friday, October 19, 2018